ജമ്മു കശ്മീരില്‍ എല്ലാം ശാന്തം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നല്‍കും; എല്ലാ നിയന്ത്രണങ്ങളും ലഘൂകരിച്ചു; 190 സ്‌കൂളുകള്‍ നാളെ തുറക്കും

Sunday 18 August 2019 11:39 am IST

 

കാര്‍ഗില്‍: ജമ്മു മേഖലയിലെ അഞ്ച് ജില്ലകളില്‍  2ജി സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ജമ്മു കശ്മീര്‍ പോലീസ്‌  മേധാവി ദില്‍ബാദ് സിംഗ്  തെക്കന്‍ കശ്മീരിലെ ജില്ലകളായ പുല്‍വാമ, അനന്ത് നാഗ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശ്രീനഗറില്‍ നിന്ന് അനന്ത് നാഗ് വരെയുള്ള ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി. കശ്മീര്‍ ഐജി എസ് പി പാണിയും സിആര്‍പിഎഫ് ഐജി രാജേഷ് കുമാര്‍ യാദവും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കശ്മീര്‍ താഴ്‌വര ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളിലാണ്. അവിടെ തല്‍ക്കാലം നിയന്ത്രണങ്ങള്‍ പതുക്കെ മാത്രമേ നീക്കൂ.

 സംസ്ഥാനത്തെ ആകെ 76 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 17 എണ്ണം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. 23,000 ലാന്‍ഡ് ലൈന്‍ കണക്ഷനുകളാണ് ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കിയിരിക്കുന്നത്. നാളെ മുതല്‍ ജമ്മു മേഖലയിലെ 190 സ്‌കൂളുകള്‍ തുറക്കും. 35 പോലീസ്‌  സ്റ്റേഷനുകള്‍ക്ക് കീഴിലുള്ളവര്‍ക്ക് പുറത്തിറങ്ങുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കി.  ഇന്നലെ ശ്രീനഗറില്‍ മുന്നൂറോളം ഹജ്ജ് തീര്‍ത്ഥാടകര്‍ തിരികെയെത്തിയെന്ന് സൈന്യം അറിയിച്ചു. ഇവരെ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. എന്തായാലും താഴ്‌വരയില്‍ അതീവ സുരക്ഷയും നിരീക്ഷണവും ഇപ്പോഴും തുടരുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.