കശ്മീരിയത് ഭാരതീയത തന്നെ

Sunday 11 August 2019 5:26 am IST
കശ്മീരില്‍ അദ്വൈത ചിന്തയുമായി കേരളീയനായ ശങ്കരാചാര്യര്‍ ചെന്നതും തന്റെ ഭാരതപര്യടനത്തിന്റെ അന്തിമഘട്ടത്തിലായിരുന്നു. മറ്റെല്ലാ ഭാഗങ്ങളിലുമുള്ള വിവിധ സമ്പ്രദായങ്ങളുടെ ആചാര്യന്മാരുമായി സംവാദത്തില്‍ ഏര്‍പ്പെട്ട്, അദ്വൈത ചിന്തയുടെ അപ്രമാദിത്വം സ്ഥാപിച്ച ശങ്കരാചാര്യ സ്വാമികള്‍ പരാജിതരെ സ്വശിഷ്യന്മാരും അനുയായികളുമാക്കുകയാണ് ചെയ്തത്. അദ്ദേഹം അവസാനമെത്തിയത് കശ്മീരിലായിരുന്നു. കശ്മീരിന്റെ ചരിത്രം പ്രതിപാദിക്കുന്ന രാജതരംഗിണിയെന്ന കാവ്യഗ്രന്ഥം സുപ്രസിദ്ധമാണ്. ചരിത്രവും രാജനീതിയും ധര്‍മശാസ്ത്രവും നീതിന്യായ ചിന്തയുമൊക്കെ വിസ്തൃതമായി അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുï്. ആ ചരിത്ര ഗ്രന്ഥം കൂടിയായ കാവ്യം മറന്നുകൊï് കശ്മീരിയത്തിനെ പരിഗണിക്കാന്‍ സാധിക്കയില്ല.

ഭരണഘടനയുടെ 370-ാം വകുപ്പിനെ ഇല്ലായ്മ ചെയ്ത് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച നിയമനിര്‍മാണം സ്വതന്ത്രഭാരതത്തിലെ ഇതഃപര്യന്തമുള്ള ഏറ്റവും പ്രധാന സംഭവമായി കരുതപ്പെടുന്നു. വാസ്തവത്തില്‍ ആ വകുപ്പ് നീക്കം ചെയ്യാന്‍ അങ്ങനെ ഒരു നടപടിയും വേണ്ടിയിരുന്നില്ല. രാഷ്ട്രപതിക്ക് ഒരു വിജ്ഞാപനം കൊണ്ടുമാത്രം ചെയ്യാവുന്ന കാര്യമേ ആയിരുന്നുള്ളൂവെന്ന് ഭരണഘടനാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടുദിവസം കൊണ്ട് ഇരുസഭകളും അതിവിപുലമായ ചര്‍ച്ചകള്‍ക്കുശേഷം ബില്‍ വോട്ടിനിട്ട് അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തിരുന്നു. 

ചര്‍ച്ചാ വേളയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞ ഒരു കാര്യം ജമ്മുകശ്മീരിനെ ഭാരതവുമായി ബന്ധിപ്പിക്കുന്ന വകുപ്പായിരുന്നു 370-ാം വകുപ്പെന്നതായിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ ഭാരതത്തില്‍നിന്ന് സംസ്ഥാനത്തെ അകറ്റിനിര്‍ത്തുന്നതാണ് 70 വര്‍ഷക്കാലം ആ വകുപ്പു ചെയ്ത പ്രവൃത്തികള്‍ എന്നതിന് ഉദാഹരണങ്ങളുടെ നീണ്ട പട്ടികയിലൂടെ അമിത് ഷാ വിവരിച്ചു. വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനായിത്തീര്‍ന്ന ഭൂഭാഗത്തുനിന്നും പലായനം ചെയ്ത് അഭയം തേടി പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും എത്തിയവരില്‍ രണ്ടുപേര്‍ക്ക് ഭാരതത്തിന്റെ പ്രധാനമന്ത്രി പദം വഹിക്കാന്‍ സാധിച്ചത് അമിത് ഷാ എടുത്തുപറഞ്ഞു. ഡോ. മന്‍മോഹന്‍ സിങ് രണ്ടുതവണയും, ഇന്ദര്‍കുമാര്‍ ഗുജറാത്ത് ഒരു തവണയും പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

അതേസമയം വിഭജനത്തെത്തുടര്‍ന്നും, പാക്കിസ്ഥാന്‍ സൈന്യം ഗോത്രവര്‍ഗക്കാരുടെ വേഷത്തില്‍ കശ്മീരിന്റെ ഗില്‍ജിത് ബാള്‍ടിസ്ഥാന്‍ മേഖലയെ ആക്രമിച്ചപ്പോള്‍ കശ്മീര്‍ ജമ്മു ഭാഗങ്ങളിലേക്ക് പലായനം ചെയ്തവര്‍ക്ക് ഇതുവരെ പൗരത്വമോ, വോട്ടധികാരമോ ലഭിച്ചില്ലെന്ന വസ്തുത അമിത് ഷാ എടുത്തുപറഞ്ഞിരുന്നു. അതിനുകാരണം ഭരണഘടനയില്‍ താല്‍ക്കാലികമായി ചേര്‍ത്ത 370-ാം വകുപ്പായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബിയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റു പലരും ചെയ്ത പ്രസംഗങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം കശ്മീരിയത്തിനെ ഇല്ലായ്മ ചെയ്യുവാനാണെന്ന് ആരോപിച്ചിരുന്നു. കശ്മീരിയത് എന്നുവെച്ചാല്‍- നാം കേരളീയത എന്നു പറയാറുള്ള പ്രത്യേകതകള്‍ പോലത്തെ കശ്മീരിന്റെ പ്രത്യേകതയായിരിക്കണമല്ലോ. അവരുടെ അഭിപ്രായത്തില്‍ കശ്മീരിയത്തിന്, കശ്മീരിയതയ്ക്ക്, എത്ര നാളത്തെയാണ് പാരമ്പര്യമുള്ളത്? ആ രാജ്യം മുഗള്‍ സാമ്രാജ്യത്തിന്റെ ആക്രമണത്തിനു വിധേയമായതു മുതലാണെന്നു തോന്നുന്നു.

ഈ വാദം കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രത്തിന്റെ നിഷേധമാണ്. കേരളവും കശ്മീരുമായി രണ്ടായിരം കൊല്ലത്തെയെങ്കിലും പാരമ്പര്യബന്ധം നിലനില്‍ക്കുന്നു. അവിടത്തെ കൗള സമ്പ്രദായം അനുസരിച്ച്, ആരാധനയും പൂജാദി കര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവര്‍ കേരളത്തില്‍ ചരിത്രമാരംഭിക്കുന്നതിനു മുന്‍പു മുതല്‍ ജീവിച്ചുവരുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി അത്തരം ക്ഷേത്രങ്ങളും ഉപാസകരും ധാരാളമുണ്ട്. മാടായിക്കാവും ഓര്‍ക്കാട്ടേരിക്കാവും ശ്രീവളയനാട് കാവും അവയിലെ ഭാരവാഹികളും അര്‍ച്ചകരുമെല്ലാം കൗള സമ്പ്രദായക്കാരാണ് എന്നതു വിസ്മരിച്ചുകൂടാ. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ കൗളവിഭാഗക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി സ്വരൂപ റാണിയും (ഇന്ദിരാഗാന്ധിയുടെ മാതാവ്) കൗള്‍ ആയിരുന്നു.

കശ്മീരില്‍ അദ്വൈത ചിന്തയുമായി കേരളീയനായ ശങ്കരാചാര്യര്‍ ചെന്നതും തന്റെ ഭാരതപര്യടനത്തിന്റെ അന്തിമഘട്ടത്തിലായിരുന്നു. മറ്റെല്ലാ ഭാഗങ്ങളിലുമുള്ള വിവിധ സമ്പ്രദായങ്ങളുടെ ആചാര്യന്മാരുമായി സംവാദത്തില്‍ ഏര്‍പ്പെട്ട്, അദ്വൈത ചിന്തയുടെ അപ്രമാദിത്വം സ്ഥാപിച്ച ശങ്കരാചാര്യ സ്വാമികള്‍ പരാജിതരെ സ്വശിഷ്യന്മാരും അനുയായികളുമാക്കുകയാണ് ചെയ്തത്. അദ്ദേഹം അവസാനമെത്തിയത് കശ്മീരിലായിരുന്നു. അവിടത്തെ പണ്ഡിത വൃന്ദവുമായി സംവാദത്തിലേര്‍പ്പെട്ട് സര്‍വജ്ഞപീഠത്തില്‍ ആരോഹണം ചെയ്തശേഷം ഹിമാലയത്തിലേക്കു കയറി അപ്രത്യക്ഷനായി എന്നാണ് പറയപ്പെടുന്നത്. ശ്രീനഗറിന് സമീപം സര്‍വജ്ഞപീഠ സ്ഥാനത്തു സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാനുണ്ടത്രേ. പില്‍ക്കാലത്തു മുഗള്‍ ചക്രവര്‍ത്തിമാര്‍ കശ്മീര്‍ കൈയടക്കിയപ്പോഴാണ് ആ ക്ഷേത്രം നാശോന്മുഖമായതെന്നു പറയപ്പെടുന്നു. അക്ബറും ജഹാംഗീറും ഷാജഹാനും കശ്മീരില്‍ ശ്രീനഗറും പരിസരങ്ങളും മനോഹരമാക്കാന്‍ ഉത്സാഹിച്ചിരുന്നു. ഷാലിമാര്‍ ഉദ്യാനം അതിന്റെ ഭാഗമാണ്.

കശ്മീരിന്റെ ചരിത്രം പ്രതിപാദിക്കുന്ന രാജതരംഗിണിയെന്ന കാവ്യഗ്രന്ഥം സുപ്രസിദ്ധമാണ്. ചരിത്രവും രാജനീതിയും ധര്‍മശാസ്ത്രവും നീതിന്യായ ചിന്തയുമൊക്കെ വിസ്തൃതമായി അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്ര ഗ്രന്ഥം കൂടിയായ കാവ്യം മറന്നുകൊണ്ട് കശ്മീരിയത്തിനെ പരിഗണിക്കാന്‍ സാധിക്കയില്ല. 

സന്ദര്‍ഭവശാല്‍ പറയട്ടെ, ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിക്കു വിധേയനായ ഡിജിപി ജേക്കബ് തോമസ് സംഘത്തെപ്പറ്റി (ആര്‍എസ്എസ്) ഏതാനും നല്ല വാക്കുകള്‍ പറയുകയും, കാക്കനാട്ടെ ശാഖയുടെ ഗുരുദക്ഷിണാ ഉത്സവത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി വര്‍ഷങ്ങളായി തനിക്ക് സംഘത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും അവസരമുണ്ടായി എന്നദ്ദേഹം പറഞ്ഞിരുന്നു. പ്രാന്തകാര്യാലയത്തില്‍ അദ്ദേഹം മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരിയുമായി നടത്തിയ സംഭാഷണത്തില്‍ വിവിധതരത്തിലുള്ള അഴിമതികളെപ്പറ്റി കല്‍ഹണന്റെ രാജതരംഗിണിയില്‍ വന്നിട്ടുള്ള വിവരണങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നുവത്രേ. അഴിമതിക്കാര്യത്തില്‍ കശ്മീര്‍ ഭരണ നേതൃകുടുംബങ്ങള്‍ കൈക്കൊണ്ട നടപടികള്‍ മൂലം സാമാന്യ ജനങ്ങള്‍ അനുഭവിക്കുന്ന വമ്പിച്ച നഷ്ടവും, പ്രസ്തുത കുടുംബങ്ങളുടെ കൊള്ള സമ്പാദ്യവും അമിത്ഷാ പ്രതിപാദിച്ചിരുന്നു.

സാഹിത്യലോകത്തെ പ്രമുഖമായ സ്ഥാനം കൈവശമാക്കിയത് നോവല്‍ എന്നറിയപ്പെടുന്ന ബൃഹദ് കഥകളാണല്ലോ. അത് പാശ്ചാത്യസാഹിത്യത്തില്‍നിന്ന്, മുഖ്യമായും ആംഗല സാഹിത്യത്തില്‍നിന്നാണ് ഭാരതത്തില്‍ എത്തിയതെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പതിനഞ്ചു നൂറ്റാണ്ട് മുന്‍പെങ്കിലും രചിച്ചതായി കരുതപ്പെടുന്ന കാദംബരിയാണ് ആദ്യത്തെ ആഖ്യായിക എന്ന് തെളിഞ്ഞിട്ടുണ്ട്. സംസ്‌കൃതത്തില്‍ ഗദ്യരൂപത്തിലുള്ള സുദീര്‍ഘമായ ആ പുസ്തകത്തിന് ആ സ്ഥാനം ലഭ്യമാക്കാന്‍ നമ്മുടെ സാഹിത്യത്തമ്പുരാന്മാര്‍ക്ക് പാശ്ചാത്യ സാഹിത്യകോയ്മയോടുള്ള വിധേയത്വം മൂലം സാധിച്ചിട്ടില്ല. അതേസമയം, ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും മറ്റും നോവലിന് കാദംബരി എന്നാണ് പേര് താനും.

ബാബറുടെ ആക്രമണക്കാലത്തിനുശേഷമേ ഇസ്ലാമിന് കശ്മീരില്‍ പ്രവേശമുണ്ടായുള്ളൂ. അക്ബറും ഷാജഹാനും ജഹാംഗീറും അവിടെ സുഖവാസത്തിനു തെരഞ്ഞെടുത്ത് കൊട്ടാരങ്ങളും ഉദ്യാനങ്ങളഉം പള്ളികളും നിര്‍മിച്ചു. ഔറംഗസേബിന്റെ നേതൃത്തില്‍ കശ്മീരിയതയെ ഉന്മൂലനം ചെയ്ത് ഇസ്ലാമീയത പ്രതിഷ്ഠിക്കാന്‍ ശ്രമമാരംഭിച്ചു. അതോടൊപ്പം തന്നെ സൂഫി പാരമ്പര്യവും വളര്‍ന്നുവന്നു. വിവിധ ധര്‍മാചാരങ്ങളുടെ സംശ്ലേഷണത്തിലൂടെ കശ്മീരിയത അവിടെ നിലനിന്നുവരികയാണ്. അതില്‍ ബൗദ്ധ, ജൈന പാരമ്പര്യങ്ങളും ചേര്‍ന്നിരിക്കുന്നു. കശ്മീരില്‍ മാത്രമല്ല ആസേതു ഹിമാചലം അതാണ് സ്ഥിതി. അങ്ങനെയാണ് അതു ഭാരതത്തിന്റെ അവിഭാജ്യഘടകമായത്. അതിന് വഴിമുടക്കിയ ചട്ടത്തെ ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനും ബംഗാളിയുമായിരുന്ന ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി ശ്രീനഗറിലേക്കു പുറപ്പെട്ടത് ആ സംസ്ഥാനത്തെ ഭാരതത്തില്‍നിന് അന്യവല്‍ക്കരിക്കാന്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നടന്ന കുതന്ത്രങ്ങള്‍ക്കെതിരായിട്ടായിരുന്നു. ബംഗാളീയതയും കശ്മീരിയതയും ഭാരതീയതയില്‍ ഒന്നാക്കിത്തീര്‍ക്കുന്നതിനുള്ള ശ്രമത്തില്‍ ബലിദാനിയായ മുഖര്‍ജിയുടെ ആത്മസായുജ്യം കൈവന്നത് പാര്‍ലമെന്റ് ആ വിഭജനവകുപ്പു എടുത്തുകളഞ്ഞപ്പോഴായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.