കത്ത് കുത്തിലെത്തിയാല്‍

Monday 7 October 2019 1:59 am IST

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി എന്നതിന്റെ പേരില്‍ ക്രിമിനല്‍ കേസോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ജനാധിപത്യ ഭരണ സംവിധാനത്തില്‍ കത്തെഴുതാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം അനിഷേധ്യമാണ്. രാജ്യത്തെ 49 പേര്‍ ജൂലായില്‍ ഏതെങ്കിലും ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടി കത്തെഴുതുകയായിരുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കത്ത് രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണെങ്കിലും അതിനെ ആര്‍ക്കും ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല. കത്തെഴുതിയവരെ എതിര്‍ക്കാനോ ബീഹാറില്‍ സ്വകാര്യ അന്യായം നല്‍കിയ വ്യക്തിയെ ന്യായീകരിക്കാനോ ഉദ്ദേശിക്കുന്നില്ല. കത്തെഴുതിയവര്‍ക്കും അത് കോടതിയില്‍ എത്തിച്ച വ്യക്തിക്കും ഭിന്ന നിലപാടുണ്ട് എന്നും കരുതുന്നില്ല. എല്ലാവര്‍ക്കും ഒരേലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ കക്ഷിയേയും ഭരണത്തേയും താറടിക്കുക എന്നതാണ് മുഖ്യലക്ഷ്യം. അതിലൂടെ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം മുതലാക്കുക എന്ന ഗൂഢലക്ഷ്യവും വിസ്മരിക്കാനില്ല.

കത്തെഴുതിയവരില്‍ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമുണ്ട്. കേരളത്തില്‍ ജനിച്ച് സിനിമാരംഗത്ത് ലോകനിലവാരത്തിലേക്കുയര്‍ന്ന അടൂര്‍ ഗോപാലകൃഷ്ണനുമുണ്ട്. കത്ത് തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടെന്ന് തോന്നുന്നില്ല. ഏതോ കുടുസ്സായ ബുദ്ധിജീവികള്‍ തയ്യാറാക്കിയ കത്തില്‍ ചില പ്രമുഖര്‍ ഒപ്പിട്ടുകൊടുത്തതാകാമെന്ന് തോന്നുന്നു. ഏതായാലും ആ കത്തിന്റെ ഉള്ളടക്കം സദുദ്ദേശത്തോടെ വിസ്തരിച്ചതാണെന്ന് കരുതാന്‍ വയ്യ. 'ശ്രീറാം' വിളിയെ കൊലവിളിയായി വ്യാഖ്യാനിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് വ്യക്തം. മാത്രമല്ല രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും രക്ഷയില്ലെന്ന് പറയുന്നതിന് ചില അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട ക്രിമിനല്‍ സംഭവങ്ങളെ അപലപിക്കാനും അനുവദിക്കരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനും തയ്യാറായ പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. എന്നിട്ടും ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്കുളള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ആരാണ് തുടങ്ങിയത് ആരാണ് തുടരുന്നത് അവരോടുള്ള അഭ്യര്‍ഥനയെല്ലന്നതാണ് രസകരം. അതിനുപകരം കേന്ദ്രഭരണത്തെ കരിവാരിത്തേക്കാന്‍ നോക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കാണ്.

ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതുമാത്രം പോരാ! കുറ്റവാളികള്‍ക്കെതിരെ യഥാര്‍ഥത്തില്‍ എന്തു നടപടിയാണു സ്വീകരിച്ചത് എന്ന് പ്രധാനമന്ത്രിയോട് ചോദിച്ചത് എന്ത് അര്‍ഥത്തിലാണ്? ഇത്തരം കൊലപാതകങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാണു കത്തിലെ ആവശ്യം. മാതൃകാപരമായ ശിക്ഷാനടപടികള്‍ വേഗത്തില്‍ സ്വീകരിക്കുകയും വേണം. കൊലക്കേസുകളില്‍ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ആകാമെങ്കില്‍, അതിനേക്കാള്‍ ഹീനമായ ആള്‍ക്കൂട്ട കൊലകളില്‍ എന്തുകൊണ്ടു പാടില്ല? സ്വന്തം രാജ്യത്ത് ഒരു പൗരനും ഭയപ്പാടോടെ ജീവിക്കേണ്ടി വരരുത് എന്നത് നേര് തന്നെ. 

'ജയ് ശ്രീറാം' എന്നതു ഇന്നു പ്രകോപനപരമായ പോര്‍വിളി ആയി മാറിയിരിക്കുന്നു എന്ന് ആക്ഷേപിക്കുന്നത് ഏത് സാഹചര്യത്തിലാണ്? അതു ക്രമസമാധാന പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു എന്നും പറയുന്നു. അതിന്റെ പേരില്‍ കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്നു. മതത്തിന്റെ പേരില്‍ ഇത്രയേറെ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് ഞെട്ടിപ്പിക്കുന്നുവെന്നും കത്തില്‍പറയുന്നു. ഇതു മധ്യകാലമല്ല. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ ധാരാളം പേര്‍ക്കു രാമനാമം പവിത്രമാണ്. രാമനാമം ഈ വിധം കളങ്കിതമാക്കുന്നതിന്, രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ളയാള്‍ എന്ന നിലയില്‍ അറുതി വരുത്തണമെന്നും പറയുന്നു.  ശ്രീറാംവിളി കൊലവിളിയാണെന്ന് തോന്നുന്നവര്‍ക്ക് രാവണന്മാരുടെ മനസ്സാണ്. അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സമാധാന ഭംഗത്തിനും വഴിവയ്ക്കും. അത്തരം സാഹചര്യം അടൂര്‍ അടക്കമുള്ളവര്‍ ഒഴിവാക്കേണ്ടിയിരുന്നു. തെറ്റ് പറ്റിയെങ്കില്‍ അത് തുറന്നു സമ്മതിക്കുകയാണ് ബുദ്ധി. തനിക്കു ചുറ്റും നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ കാണാന്‍ കഴിയാത്ത അടൂരിന് അങ്ങെവിടെയോ നടക്കുന്ന കൊലകളില്‍ നടുക്കമുണ്ടാകുന്നുവെങ്കില്‍ അതിന് പിന്നിലെ വികാരം ദുരൂഹമാണ്. കത്തിലെ കുത്ത് ആരുടേതായാലും അത് കാണാതിരിക്കാനാവില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.