കയര്‍മേഖലയില്‍ കൂടുതല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കണം: ഗവര്‍ണര്‍

Thursday 5 December 2019 4:24 am IST

 

ആലപ്പുഴ: കയറിന്റെയും, കയര്‍ ഉത്പന്നങ്ങളുടെയും ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തമാക്കിയാല്‍ മാത്രമേ കയര്‍ വൈവിധ്യവല്‍ക്കരണം വിജയിക്കൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കയര്‍ കേരളയുടെ എട്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കണം, അതിലൂടെ കൂടുതല്‍ ആളുകള്‍ ആശയങ്ങളുമായി മുന്നോട്ട് വരും. അത്തരമൊരു സംരംഭം കേരളത്തില്‍ നിന്നുതന്നെ വരണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 7000 ടണ്‍ മാത്രമായിരുന്ന കയര്‍ ഉത്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. അടുത്ത വര്‍ഷം ഇത് 40,000 ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണം, മണ്ണൊലിപ്പ് നിയന്ത്രണം തുടങ്ങിയ വിവിധ ഉപയോഗങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്.പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതി സൗഹാര്‍ദ്ദപരവും മൃദുവായതുമായ ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷനായി. കയര്‍ സെക്രട്ടറി പി. വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.