കേരളീയരെ ബന്ദിയാക്കിയിട്ട് എന്ത് നേട്ടമുണ്ടാക്കി

Thursday 9 January 2020 6:58 am IST

ദേശീയ പണിമുടക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ നടന്നത് തനി കാടത്തമാണ്. രാജ്യത്തിന്റെ തൊണ്ണൂറ്റി അഞ്ചുശതമാനം മേഖലകളും പണിമുടക്കാഹ്വാനം തള്ളിക്കളഞ്ഞു. കേരളത്തില്‍ മാത്രമാണ് ചില ചലനങ്ങളുണ്ടായത്. ഭരണപക്ഷവും പ്രതിപക്ഷവും ചില തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് കേരളീയരെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കുകയായിരുന്നു. കടകളും ബാങ്കുകളും ഭീഷണിപ്പെടുത്തി പൂട്ടിക്കുക മാത്രമല്ല, ബലപ്രയോഗം നടത്തി വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. അത്യാവശ്യത്തിന് ജോലിക്കും ആശുപത്രികളിലേക്കും പോകാന്‍ കയറിയ ഓട്ടോറിക്ഷകള്‍ തടഞ്ഞിട്ടു. യാത്രക്കാരെ വഴിയിലിറക്കി നടത്തിച്ചു. കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും കൊടികെട്ടിയ വാഹനങ്ങള്‍ തടസമില്ലാതെ ഓടുകയും ചെയ്തു. പണിമുടക്കില്‍നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചത്. പിന്നെ എന്തിനാണാവോ വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ കയറിയ ബോട്ട് തടഞ്ഞിട്ടത്? വിനോദ സഞ്ചാരികള്‍ക്ക് വെള്ളം കുടിക്കാന്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കാന്‍ അനുവദിച്ചോ? ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിച്ചോ? എന്നിട്ടും വീമ്പുപറയുന്നതിന് ഒരു കൂസലുമില്ല.

ഇതാണ് കേരളത്തിന്റെ പ്രശ്‌നം. ഇരുപക്ഷവും ജനങ്ങളെ ദ്രോഹിച്ചു. എന്നിട്ട് കേന്ദ്രത്തെ പഴിചാരും. കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞയാഴ്ച ലോകകേരളസഭ എന്ന മാമാങ്കം നടത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് മലയാളി പ്രമാണിമാരെ കൊണ്ടുവന്ന് ചെല്ലും ചെലവും നല്‍കി പാര്‍പ്പിച്ചു. കേരളത്തെ കരകയറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അതില്‍ പങ്കെടുത്ത മുഴുവന്‍ പേരും തിരിച്ചുപോകും മുന്‍പാണ് പണിമുടക്കെന്ന മഹോത്സവം നടത്തി മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ഞെളിഞ്ഞുനടന്നത്. ജോലിചെയ്യാന്‍ ഒരുങ്ങിയവര്‍ക്ക് നേരെ പുലഭ്യം പറഞ്ഞ് ആഹ്ലാദിക്കുന്നതും കാണാനായി. പണിമുടക്ക് കഴിഞ്ഞ ഉടന്‍ കേരളത്തില്‍ നിക്ഷേപകസംഗമം നടത്തുകയാണ്. കേരളത്തിന്റെ വ്യവസായമേഖലയിലെ അന്തരീക്ഷം നിരീക്ഷിക്കുന്ന ഒരാള്‍ നിക്ഷേപകനായി മുന്നോട്ടുവരുമോ? കണ്ണൂരിലെ ആന്തൂരില്‍ ഒരു പ്രവാസി സംരംഭകന്റെ ദാരുണമായ അന്ത്യം സിപിഎം ഭരിക്കുന്ന നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടിപ്പുകേടുകൊണ്ടാണെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ മനസ്സില്‍ മാലിന്യം നിലനില്‍ക്കുമ്പോള്‍ ആര് നിക്ഷേപകനായി എത്തും.

പണിമുടക്കിന്റെ തലേദിവസമാണ് ഭരണ യൂണിയന്‍കാരുടെ 'ശിലായുഗപ്രയോഗം' വലിയൊരു സ്ഥാപന ഉടമയുടെ തല എറിഞ്ഞുടച്ചത്.  മുത്തൂറ്റ്  ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെയാണ് സമരത്തിലായിരുന്ന സിഐടിയുക്കാര്‍ കല്ലെറിഞ്ഞത്. രാവിലെ ഒന്‍പതരയോടെ മുത്തൂറ്റിന്റെ കൊച്ചിയിലെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേക്ക് വരുമ്പോഴാണ് വാഹനത്തിന് നേരെ  കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ജോര്‍ജ്ജ് അലക്‌സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു. ശാഖകള്‍ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനും എതിരേയാണ് സമരം. സമരക്കാരില്‍ നിന്നാണ് കല്ലേറുണ്ടായത്. പരിക്കേറ്റ എംഡി ചികിത്സയിലാണ്.

ജീവനക്കാരോ പിരിച്ചുവിടപ്പെട്ട ജീവനക്കാരോ അല്ല കല്ലെറിഞ്ഞത് എന്നാണ് സിഐടിയുക്കാരുടെ വാദം. ഇവര്‍ ഓഫീസ് പരിസരത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് മാനേജ്‌മെന്റും  പറയുന്നു. കൊച്ചി മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിനു നേരെയുണ്ടായ ആക്രമണം കൊച്ചി പോലീസ് കമ്മിഷണര്‍ അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസ് അന്വേഷിച്ചാല്‍ കേസില്‍ ഒരുതുമ്പും ഉണ്ടാകാന്‍ സാധ്യതയില്ല. ഭരണ-പ്രതിപക്ഷ കൂട്ടായ്മ കേരളത്തെ ലോകം കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.