കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി

Sunday 19 January 2020 10:44 pm IST

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്സിക്ക് മുന്നില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൊരുതി വീണത്. തുടര്‍ച്ചയായി രണ്ട് തവണ ലീഡെടുത്തിട്ടും അത് കൈവിട്ട ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ അവസാന നിമിഷം ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോളില്‍ വീണു.

പതിനൊന്നാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. നോയ അക്കോസ്റ്റയിലൂടെ 39-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തി. അമ്പതാം മിനിറ്റില്‍ അബ്ദുള്‍ നൊടിയോടത്ത് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡും വാങ്ങി പുറത്തുപോയതിനെത്തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയിട്ടും ആവേശം ചോരാതെ ആക്രമിച്ച ബ്ലാസ്റ്റേഴ്‌സ് ഒഗ്‌ബെച്ചെയിലൂടെ 56-ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്തി.

എന്നാല്‍ 75-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി സെര്‍ജിയോ കാസ്റ്റ്ല്‍ വീണ്ടും ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു. ഒടുവില്‍ കളി തീരാന്‍ മിനിറ്റുകള്‍മാത്രം ബാക്കിയിരിക്കെ ഒഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതി. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണതിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും മങ്ങി. ജയത്തോടെ 16 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറിയ ജംഷഡ്പൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.