കാഴ്ചപ്പാടുമില്ല കാശുമില്ല; ഇതെന്ത് ബജറ്റ്

Saturday 8 February 2020 6:21 am IST

ഒരു ധനകാര്യമന്ത്രിയുടെ കന്നി ബജറ്റാകുമ്പോള്‍ പാകപ്പിഴകളും പാളിച്ചകളും കാണുമായിരിക്കും. എന്നാല്‍ പത്തു ബജറ്റവതരിപ്പിച്ച വ്യക്തി പതിനൊന്നാം ബജറ്റിലെങ്കിലും പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും തെളിയിക്കേണ്ടതല്ലെ. ഡോ. തോമസ് ഐസക്കിന്റെ 2020-21ലെ ബജറ്റ് പ്രസംഗം ശ്രവിച്ചാല്‍ നിരാശമാത്രമല്ല പുച്ഛവുമാണ് തോന്നുന്നത്. തനിക്ക് കുടുസ്സായ രാഷ്ട്രീയ ചിന്താഗതിയെന്ന് ഡോ. ഐസക് പലകുറി തെളിയിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും മികവാര്‍ന്ന ജനകീയ ഭരണം നടത്തുകയും ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആ കുബുദ്ധി പ്രയോഗം ബജറ്റ് പ്രസംഗത്തില്‍ വേണ്ടായിരുന്നു. ബജറ്റിന്റെ പവിത്രതയെ തന്നെ ഡോ. ഐസക്കിന്റെ അസഹിഷ്ണുതാ വിസര്‍ജം ഇല്ലാതാക്കി. ബജറ്റ് പ്രസംഗത്തിലെ ആദ്യ ഏഴുപേജാണ് നരേന്ദ്രമോദി സര്‍ക്കാരിനെ പഴിക്കാന്‍ നീക്കിവച്ചത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രഖ്യാപിത കപടബുദ്ധിജീവികളെയും കവികളെയും അണിനിരത്തിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധത്തിന് ഡോ. ഐസക് തയ്യാറായത്. ജനാധിപത്യവും സേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം നില്‍ക്കുകയാണത്രേ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികളും അക്രമവും ഹിംസയുമാണ് കര്‍മ്മം എന്നു വിശ്വസിക്കുന്ന അണികളുമെന്ന് ആക്ഷേപിച്ച ധനമന്ത്രി, വര്‍ഗീയവല്‍ക്കരണത്തിന് പൂര്‍ണമായും ഭരണ സംവിധാനം കീഴ്‌പ്പെട്ടെന്നും ആരോപിക്കുന്നു.

ദല്‍ഹിയിലും മറ്റും അരങ്ങേറുന്ന രാജ്യദ്രോഹസമരങ്ങളെ ആവശേപൂര്‍വം വാരിപ്പുണരുന്ന ഡോ. ഐസക്കിന് ഈ ബജറ്റില്‍ ഒരു കാഴ്ചപ്പാടും അവതരിപ്പിക്കാനില്ല. ഒരു പദ്ധതിക്കും നീക്കിവയ്ക്കാന്‍ കാശുമില്ല. കിഫ്ബി എന്ന സങ്കല്പലോകത്തെയാണ് പ്രതീക്ഷയായി കാണുന്നത്. കഴിഞ്ഞ പത്തു ബജറ്റില്‍ കേട്ട പദ്ധതികള്‍ പലേടത്തായി ആവര്‍ത്തിച്ചിരിക്കുന്നു. ബജറ്റിലെ വലിയ വികസന പദ്ധതി ജലഗതാഗതമാണ്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയ ഒരുറപ്പുണ്ട്. 'ജലഗതാഗതമെന്ന പദ്ധതി പൂര്‍ത്തിയാകുമെന്നതാണ്.' പറയുന്നതൊന്നും നടപ്പാക്കാന്‍ പ്രാപ്തിയില്ലാത്ത ഇടതുസര്‍ക്കാരിന്റെ ഈ പ്രഖ്യാപനമെങ്കിലും ഇക്കുറി നടപ്പാകുമോ എന്ന് കാത്തിരുന്ന് കാണാം. കേന്ദ്ര സര്‍ക്കാര്‍ ഒന്നും തരുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന ഡോ. ഐസക്ക്, കഴിഞ്ഞ അഞ്ചുവര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയ സഹായത്തിന്റെ ധവളപത്രം പുറത്തിറക്കേണ്ടതാണ്. പിണറായി വിജയന്‍ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരില്‍ ചിലര്‍ കേന്ദ്രത്തിന്റെ സഹായം മുമ്പെങ്ങുമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നു പറഞ്ഞ ധനമന്ത്രികേന്ദ്രത്തിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളും സ്വകാര്യവല്‍കരണവും നാശോന്‍മുഖ നടപടികളാണെന്നും വിലപിക്കുകയാണ്. ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കിഫ്ബിയിലൂടെ സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടത്രെ. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. വരും വര്‍ഷം 20000 കോടി രൂപ ചെലവ് വരും; അത് നല്‍കാന്‍ നടപടിയായി. രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയെന്നും മന്ത്രി അവകാശപ്പെടുന്നു. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കും. വീടില്ലാത്തവര്‍ക്ക് ഒരുലക്ഷം ഫ്‌ളാറ്റുകള്‍ നിര്‍മിക്കും.  പ്രവാസിക്ഷേമപദ്ധതികള്‍ക്കുള്ള അടങ്കല്‍ 90 കോടി രൂപ നല്‍കും.  10 ബൈപാസുകള്‍, 20 ഫ്‌ളൈ ഓവറുകള്‍, 74 പാലങ്ങള്‍, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി. സൗജന്യ ഇന്റര്‍നെറ്റ്, സമ്പൂര്‍ണ ക്ലാസ് ഡിജിറ്റലൈസേഷന്‍, സ്‌കൂള്‍- കോളജ് കെട്ടിടങ്ങള്‍, 44 സ്‌റ്റേഡിയങ്ങള്‍, കുടിവെള്ളപദ്ധതികള്‍ എന്നിവയെല്ലാം കേരളത്തിന്റെ പദ്ധതിയായി പറയുമ്പോള്‍ ഇത് കേന്ദ്രാവിഷ്‌കൃത പദ്ധതികളാണെന്ന സത്യം ബോധപൂര്‍വം മറക്കുകയാണ്.

സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നതു കേരളത്തിന്റെ ധനസ്ഥിതിയാണെന്നു പറയുന്ന ധനമന്ത്രി കേന്ദ്രത്തിനെയാണ് കുറ്റപ്പെടുത്തുന്നത്. യഥാസമയം പദ്ധതികള്‍ സമര്‍പ്പിലാക്കാത്തതും അനുവദിച്ച പദ്ധതികളും പണവും പ്രയോജനപ്പെടുത്താത്തതുമാണ് പ്രതികൂലമായതെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. പണപ്പാട്ട് പാടുന്ന ധനമന്ത്രി മുന്‍മന്ത്രിക്ക് സ്മാരകത്തിന് 5 കോടി നീക്കിവച്ചതിന്റെ ന്യായമെന്താണ്. ബജറ്റവതരിപ്പിക്കാന്‍ വന്ന മാണിയെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞതിന്റെ പ്രായശ്ചിത്തമാണോ?

നോട്ടുനിരോധനവും ജിഎസ്ടി നടപ്പിലാക്കലും സംസ്ഥാനത്തിന്റെ വിഭവ സമാഹരണ ശ്രമങ്ങളെ സാരമായി ബാധിച്ചുവത്രെ. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തു നികുതി വര്‍ധനവ് ഏര്‍പ്പെടുത്തുന്നതിനു പരിമിതികളുണ്ടായി. കേന്ദ്ര സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കാനും വൈകിയത് തിരിച്ചടി ശക്തമാക്കി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 30 ശതമാനത്തോളം കേന്ദ്ര വായ്പകളില്‍നിന്നോ ഗ്രാന്റുകളില്‍ നിന്നോ ആണ്. അതൊന്നും കിട്ടാക്കടമല്ലെന്ന് ധനമന്ത്രി തിരിച്ചറിയണം. പൊങ്ങച്ചമല്ല, പ്രായോഗിക  ബുദ്ധി പ്രയോഗിക്കാന്‍ കേരളഭരണക്കാര്‍ ശീലിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും  ശുഭാന്ത്യം ഉണ്ടാവുക തന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.