കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്‌ടോബര്‍ 24ന് വോട്ടെണ്ണല്‍

Saturday 21 September 2019 12:32 pm IST

ന്യൂദല്‍ഹി: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് കേരളത്തിലെ അടക്കം 64 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

കോന്നി, എറണാകുളം, അരൂര്‍, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 23ന് പുറത്തിറങ്ങും. ഒക്‌ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും.  വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 24 ന് നടക്കും. പാലായിലെ ഉപതെരെഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.23 നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. 

എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ദൽഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. വോട്ടെണ്ണല്‍ 24ന്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലുമുതല്‍ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്. നവംബര്‍ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.