മജിസ്ട്രേറ്റുമാരില്ലാതെ മുന്‍സിഫ് കോടതികള്‍ പൂട്ടി; പതിനായിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നു

Wednesday 4 December 2019 6:47 pm IST

തിരുവനന്തപുരം: ജില്ലയിലെ പ്രധാന കോടതികളില്‍ ഒന്നായ വഞ്ചിയൂര്‍ കോടതിയിലെ മുന്‍സിഫ് കോടതികള്‍ പകുതിയും മജിസ്ട്രേറ്റുമാരില്ലാതെ പൂട്ടിക്കിടക്കുന്നു. വഞ്ചിയൂരിലുള്ള ആറു മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ രണ്ടെണ്ണം മാത്രമാണ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം പതിനായിരക്കണക്കിന് കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത്.

ജില്ലയില്‍ ആകെ 25ല്‍പ്പരം മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളാണുള്ളത്. ഹൈക്കോടതിയാണ് മജിസ്ട്രേറ്റുമാരെ നിയമിക്കേണ്ടത്.  ഇതിലേക്കുള്ള പരീക്ഷ പാസായ മജിസ്ട്രേറ്റുമാര്‍ അഭിമുഖം കഴിഞ്ഞ് പരിശീലനത്തിലായി ഇപ്പോള്‍ മുതിര്‍ന്ന മജിസ്ട്രേറ്റുമാര്‍ക്കൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലുടനീളം 150 ഓളം മുന്‍സിഫ് മജിസ്ട്രേറ്റുമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. ആറു മാസത്തിനകം മുഴുവന്‍ മുന്‍സിഫ് മജിസ്ട്രേറ്റുമാരെയും നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വഞ്ചിയൂരിലെ ഓരോ മുന്‍സിഫ് കോടതിയിലും ദിവസവും നൂറില്‍പ്പരം കേസുകളാണ് എത്താറുള്ളത്. അതുകൊണ്ടുതന്നെ ആറു കോടതിയിലായി ലഭിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയാണ് പതിവ്. പത്തു ലക്ഷം രൂപ വരെ മൂല്യമുള്ള സിവില്‍ കേസുകളാണ് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍ പരിഗണിക്കേണ്ടത്. ഇതില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടെ കേസുകളും തദ്ദേശസ്വയംഭരണ കേസുകളും ഉള്‍പ്പെടും.പുതിയതായി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ വരുന്ന കേസുകള്‍ ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് നിലവില്‍ പരിഗണിക്കുന്നത്. പഴയ കേസുകളെല്ലാം ഇപ്പോഴും ആഴ്ചകളും മാസങ്ങളും വച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. കേസുകളില്‍ ഉള്‍പ്പെട്ടവരും വാദികളും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്.   

പലരും തങ്ങളുടെ ജോലിപോലും ഉപേക്ഷിച്ചാണ് കേസ് പരിഗണിക്കുമെന്ന് കരുതി കോടതിയില്‍ എത്തുന്നത്. എന്നാല്‍ എത്തുമ്പോഴായിരിക്കും അറിയുന്നത് കേസ് മാറ്റിവച്ച വിവരം. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതിയിലെയും അവസ്ഥ ഇതു തന്നെയാണ്.വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്ട്രേറ്റുമായി കഴിഞ്ഞ ആഴ്ച നടന്ന പ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഭിഭാഷകര്‍ ബഹിഷ്‌കരിച്ചിരിക്കുയാണ്. ഇതുമൂലം ഇവിടത്തെയും നടപടികള്‍ താളംതെറ്റിയിരിക്കുകയാണ്. ചില രാഷ്ട്രീയ സംഘടനയില്‍പ്പെട്ടവരുടെ നിയന്ത്രണത്തിലാണ് വഞ്ചിയൂര്‍ കോടതിയിലെ ബാര്‍ അസോസിയേഷനെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.