കേരളം രക്ഷപെടാന്‍ ദുഷ്ട രാഷ്ട്രീയം മാറണം

Wednesday 5 February 2020 6:55 am IST

അടുത്ത ദിവസം കേരളത്തിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ പോവുകയാണ് ധനകാര്യമന്ത്രി. കേരളത്തിന് ഒന്നും കിട്ടുന്നില്ലാ എന്ന നിലവിളിക്കിടയിലാണ് ബജറ്റവതരണം. എല്ലാം കൊണ്ടും സമ്പല്‍സമൃദ്ധമായിരുന്ന ഒരു സംസ്ഥാനം ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തുന്നുവെന്ന ആരോപണത്തിന്റെ പിന്നാമ്പുറം പരിശോധിച്ചാല്‍ കെടുകാര്യസ്ഥതയുടെയും പാഴ്‌ച്ചെലവിന്റെയും വലിയ കണക്കുകള്‍ തന്നെ ലഭിക്കും.

   സംസ്ഥാനത്തെ ഓരോ പദ്ധതിയും നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലസതയും നിസ്സംഗതയും ഒരു പരിധിവരെ ഒഴിച്ചുനിര്‍ത്തിയാല്‍  ഈ സംസ്ഥാനം രക്ഷപെടും. പക്ഷെ, അതിന് ഇവിടം ഭരിച്ച ഇടതും വലതും കക്ഷികള്‍ തയ്യാറാവാറില്ല എന്നതത്രേ വസ്തുത. എന്തും രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കണ്ട് അട്ടിമറിക്കുക എന്നതാണ് രീതി. അതിന് ഒരുതരത്തിലും മാറ്റം സംഭവിക്കുന്നില്ല.

  കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന് ഗുണകരമായ പല പദ്ധതികളും അനുവദിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ലോകസഭയില്‍ അംഗങ്ങളില്ലെങ്കിലും സംസ്ഥാനത്തെ കാണാതിരിക്കുന്ന രാഷ്ട്രീയ സമീപനം ഇല്ല. പക്ഷേ, ഓരോ കാര്യത്തിനും അനുവദിക്കപ്പെട്ട പണം എങ്ങനെ ഏതു വഴിയില്‍ ചെലവാക്കിയെന്ന് ആരായാറുണ്ട്. പൊതുപണം ചെലവു ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും ശ്രദ്ധയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനുള്ള നിലപാട് സംസ്ഥാന സര്‍ക്കാരിന് ഇല്ലന്നതത്രേ ഏറ്റവും ഗുരുതരമായ വശം.കേന്ദ്രം കണക്കു ചോദിക്കുമ്പോള്‍ അതൊന്നും നല്‍കാതെ രാഷ്ട്രീയ ആരോപണമുയര്‍ത്തി തടയിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണകൂടത്തെ ജനമധ്യത്തില്‍ അപഹസിക്കാനായി നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

   കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകളെക്കുറിച്ച് വ്യക്തമായ കണക്കും വിശദീകരണവും നല്‍കാതെ വരുമ്പോള്‍ തടഞ്ഞുവെക്കുന്നത് സ്വാഭാവികമാണ്. തൊഴിലുറപ്പ് പദ്ധതിയിലും മറ്റും അതുണ്ടായിട്ടുണ്ട്. കണക്ക് കിട്ടിയ ഉടന്‍ ഫണ്ട് കൈമാറിയിട്ടുമുണ്ട്. ഓരോന്നിനും വകയിരുത്തിയ ഫണ്ടുകള്‍ അതിന് ചെലവാക്കാതിരിക്കുകയും മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നത് ആര്‍ക്കാണറിയാത്തത്. എന്നാല്‍ അതൊക്കെ മറച്ചുവെച്ച്, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ചിറ്റമ്മനയം സ്വീകരിക്കുന്നു എന്ന ദുരാരോപണമാണ് ഇടതു സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ ധനവിഹിതം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ മറ്റു സംസ്ഥാനങ്ങളുമായി യോജിച്ചു നീങ്ങാനുള്ള സാധ്യത ചര്‍ച്ച ചെയ്യുമെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. ചണ്ഡിഗഢില്‍ മന്ത്രിമാര്‍ യോഗം ചേരുമ്പോഴാണത്രെ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കുക.

  ഭരിക്കാന്‍ കിട്ടിയ അവസരം പാഴാക്കുകയും കഴിവുകേട് മുഴുവന്‍ മറ്റാരിലെങ്കിലും കെട്ടിവെയ്ക്കുകയും ചെയ്യുന്ന ദുഷ്ടരാഷ്ട്രീയ മുട്ടാപ്പോക്കില്‍ നിന്ന് സംസ്ഥാനം ഒരിക്കലും മാറിച്ചിന്തിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. പദ്ധതികളെക്കുറിച്ചുള്ള ശരിയായ വിവരം നല്‍കാതിരിക്കുക, ആവശ്യമായ പണം അനുവദിക്കാതിരിക്കുക തുടങ്ങിയ വഴി പദ്ധതിക്ക് ലക്ഷ്യമിട്ടതിന്റെ മൂന്നും നാലുമിരട്ടി തുകയാണ് കേരളത്തില്‍ ചെലവഴിക്കപ്പെടുന്നത്. പല സ്വപ്ന പദ്ധതികളും ഒടുവില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട അമൃത് പദ്ധതികള്‍ മുടങ്ങുകയോ ഇല്ലാതാവുകയോ ചെയ്യുന്ന സ്ഥിതിയിലേക്ക് പോവുന്നു. അതിനൊക്കെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരുന്നു.

  കൃഷി മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങള്‍ നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കു മാത്രം ബജറ്റു വിഹിതവും ആനുകൂല്യങ്ങളുമെന്ന കേന്ദ്ര നിലപാടിനെതിരെയും സംസ്ഥാനം ചന്ദ്രഹാസമിളക്കുന്നുണ്ട്. തങ്ങള്‍ക്ക് ആരെയും അനുസരിക്കാനാവില്ല, എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന അസഹിഷ്ണുതയുടെ ആള്‍രൂപമായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനയെ തള്ളിക്കളയുന്ന സമീപനം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി അങ്ങേയറ്റത്തെ പൗരനേയും കൈപിടിച്ചുയര്‍ത്തുകയെന്ന കേന്ദ്രഭരണകൂട ലക്ഷ്യത്തെ അട്ടിമറിക്കാന്‍ വഴി നോക്കുകയാണ് ഇടതു സര്‍ക്കാര്‍. അതിനുപയുക്തമായ മുദ്രാവാക്യങ്ങളുമായി അവര്‍ നീങ്ങുകയാണ്. അതിന്റെ മറ്റൊരു പതിപ്പാവും അവതരിപ്പിക്കാന്‍ പോവുന്ന സംസ്ഥാന ബജറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.