ദുരന്തം തൊട്ടടുത്തുണ്ട്

Tuesday 13 August 2019 5:30 am IST

മഹാകവി കാളിദാസന്റെ ശാകുന്തളം എന്ന നാടകത്തില്‍, ആശ്രമമുറ്റത്തെ ശംഖുപുഷ്പത്തിന്റെ വള്ളികള്‍ വളരുന്നതും വളര്‍ത്തുമകളായ ശകുന്തള വളരുന്നതും ഒരേ മാനസിക സന്തുഷ്ടിയോടെ നോക്കിക്കാണുന്ന കണ്വമഹര്‍ഷിയെ അവതരിപ്പിച്ചിട്ടുണ്ട്. ഉള്‍ക്കണ്ണുകള്‍കൊണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ള താപസനായിരുന്നിട്ടുകൂടി കണ്വന്‍ പുലര്‍ത്തിയ പ്രകൃതി, മനുഷ്യസമഭാവന ഭാരതീയദര്‍ശനത്തിന്റെ അകക്കാമ്പായാണ് വിലയിരുത്തേണ്ടത്. മനുഷ്യനും പ്രകൃതിയും രണ്ടല്ല എന്ന തത്വം ആര്‍ഷസംസ്‌കാരത്തിന്റെ ആചാര പദ്ധതിയായിരുന്നു. വായുവും മണ്ണും മലകളും നദികളുമെല്ലാം ദേവചൈതന്യം തുടിക്കുന്നെന്ന് പ്രഘോഷിച്ചത് പ്രകൃതിയെ അടുത്തറിഞ്ഞതിനാലാണ്. 

കേവലം കല്ലിനെയും മണ്ണിനെയും ആരാധിക്കുന്നെന്ന് പലരും പഴിച്ചു. അപരിഷ്‌കൃതരെന്ന് ആക്ഷേപിച്ചു. തന്നെക്കാള്‍ ശക്തിയുള്ളതിനെ ആരാധിക്കുന്നു എന്ന സാധാരണ യുക്തിയുടെ തലത്തില്‍പ്പോലും പ്രാചീന ആരാധനാപദ്ധതികളെ ചേര്‍ത്തുപിടിക്കാന്‍ ശ്രദ്ധിച്ചില്ല. അന്ധവിശ്വാസത്തിന്റെ ഇരിപ്പിടങ്ങളെന്ന് പറഞ്ഞ് സര്‍പ്പക്കാടുകള്‍ വെട്ടിവെളുപ്പിച്ചു. ഈ ഘട്ടത്തിലും നിരന്തരം സഞ്ചാരത്തിലൂടെയും സൂഫിചര്യയിലൂടെയും ഭാരതീയതയുടെ ഉള്‍ക്കാമ്പ് ആവോളം രുചിച്ച വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള എഴുത്തുകാര്‍ ആഖ്യാനങ്ങളില്‍ (ഭൂമിയുടെ അവകാശികള്‍) ഭൂമി മനുഷ്യന് മാത്രമല്ലെന്ന സന്ദേശം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ആസന്നമായ മൃതിയ്ക്ക് മുമ്പേ ഭൂമിക്ക് ചരമഗീതമെഴുതിയ കവി ഒഎന്‍വി ഭൂമിയ്‌ക്കൊഴുക്കേണ്ടിവരുന്ന ചൂടുകണ്ണീരിനെക്കുറിച്ച് പാടിയെങ്കിലും ഉപഭോഗസംസ്‌കാരം എല്ലാമേഖലകളിലും തിമര്‍ത്താടി. മണ്ണുമലകളും കല്ലുമലകളും അറുത്തെടുത്തപ്പോള്‍ ഭരണകൂടങ്ങള്‍ നിയമത്തിന്റെ സാധ്യത പരിശോധിച്ചുകൊണ്ടേയിരുന്നു.

ഉത്തരേന്ത്യയിലും മറ്റും കാലവര്‍ഷക്കെടുതി മാധ്യമങ്ങളിലൂടെ കണ്ട് ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നവരാണ് മലയാളികള്‍. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയം ഏറെ പാഠങ്ങള്‍ അവരുടെ മുന്നിലേയ്ക്കു വച്ചു. പ്രകൃതി സംഹാരനൃത്തമാടിയപ്പോള്‍ സകല സംവിധാനങ്ങളും പകച്ചുപോയതും മനസ്സില്‍നിന്ന് ഇറക്കിവിട്ട കാരുണ്യം, സ്‌നേഹം, എന്നീ വികാരങ്ങളുടെ വിലയറിഞ്ഞതും അന്നായിരുന്നു. വീണ്ടും മഴയും മണ്ണും ചതിക്കുകയാണെന്ന തോന്നല്‍ ചിലരിലെങ്കിലും ഉണ്ടായിട്ടുണ്ട്. അവര്‍ അതിന്റെ കാരണം കണ്ടെത്താനും ഭൂമിയുടെ മുറിവുണക്കാനും തന്നാലാവുന്നതുപോലെ ശ്രമവും തുടങ്ങികഴിഞ്ഞു. ഇതുവരെ സ്വീകരിച്ചുപോന്ന നയങ്ങള്‍ അപ്പാടേ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. മനുഷ്യര്‍ക്കായി നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ഭൂമിയെക്കുറിച്ചുകൂടി ഓര്‍മിക്കാതെ തരമില്ലെന്ന അവസ്ഥയിലായി.

വിടാതെ പിന്തുടരുന്ന ദുരന്തം

മലബാര്‍ മേഖലകളിലാണ് ഈ വര്‍ഷം കാലവര്‍ഷ ദുരന്തം ഏറെ മുറിവേല്‍പ്പിച്ചത്. അറുപതിലധികം ആളുകള്‍ മരണത്തിന് കീഴടങ്ങി. വയല്‍നാടായിരുന്ന വയനാട് ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. രണ്ടുമാസംകൊണ്ട് പെയ്തുതീര്‍ക്കേണ്ട മഴ രണ്ടുദിവസത്തില്‍ ലഭിക്കുമ്പോള്‍ മണ്ണ് എന്തുചെയ്യണം എന്ന ചോദ്യത്തിനുത്തരമാണ് കേരളത്തില്‍ സംഭവിച്ച വന്‍ദുരന്തങ്ങള്‍.  

 കാടിന്റെ കാവലാളായിരുന്ന വയനാട്ടിലെ വനവാസികള്‍ ജീവിക്കാന്‍ ഭൂമിയില്ലാതെ തെരുവിലറങ്ങിയിട്ടും ഇവരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഭൂമാഫിയയും രാഷ്ട്രീയ കൂട്ടുകെട്ടും വനവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇടയ്ക്കിടെ നക്‌സലൈറ്റ് ആഭിമുഖ്യമുള്ള സംഘടനകളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരും വനവാസികളെ സമരമുഖത്തെത്തിച്ച് അവരുടെ ആവശ്യങ്ങളെ ചൂഷണം ചെയ്യുന്നത് പതിവായി. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക അസന്തുലിതാവസ്ഥയാണ് വയനാട്, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സംഭവിച്ചിരിക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണം. പാറഖനനത്തിനും മണ്ണ് നീക്കലിനും തടയിടേണ്ടിയിരിക്കുന്നു. ദുരന്തം ഇരച്ചെത്തിയപ്പോഴാണ് സംസ്ഥാനത്ത് ഖനനം നിരോധിച്ച് പ്രഖ്യാപനം വന്നത്. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ

പശ്ചിമഘട്ടങ്ങളെ സംരക്ഷിക്കുന്നതിന് മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടത്തിയ സമരം മറക്കാനാവില്ല. കോഴിക്കോട്ടും വയനാട്ടിലും ഇടുക്കിയിലും സമരം നടന്നു. പ്രക്ഷോഭങ്ങളെ മുന്നണികള്‍ സഹായിച്ചതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നുകാട്ടി കേന്ദ്രസര്‍ക്കാരിലേക്ക് കത്ത് അയക്കുകയും ചെയ്തു. സംഘടിത നീക്കത്തിലൂടെ കയ്യേറി വച്ചിരിക്കുന്ന ഭൂമി കൈവിട്ട് പോകാതിരിക്കാനുള്ള നാടകമായിരുന്നു സമരമെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ കൃഷിചെയ്യാനും വീടുവയ്ക്കാനും പറ്റില്ലെന്നായിരുന്നു കുപ്രചരണം. പശ്ചിമഘടങ്ങളിലൂടെ സാഹസിക യാത്ര നടത്തി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രകൃതിയെ സുരക്ഷിതമാക്കുകയായിരുന്നു പ്രധാനലക്ഷ്യം. ഉദ്യോഗസ്ഥ, സംഘടിത മത, രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മനുഷ്യവിരുദ്ധമാണെന്ന തെറ്റിദ്ധാരണ പരത്തി. ഭൂമി വെട്ടിപ്പിടിച്ച്, പ്രകൃതിയെ ചൂഷണ വസ്തുവാക്കിയതിന്റെ ശേഷിപ്പുകള്‍ കാലവര്‍ഷം ബാക്കിവയ്ക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ പ്രതികരിക്കേണ്ടതും അനിവാര്യമാണ്.

ഗാഡ്ഗില്‍ പറഞ്ഞത്

കര്‍ഷകര്‍ക്ക് എതിരായിരുന്നില്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യജീവന്‍ പിടിച്ചുനിര്‍ത്താനാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തൊടുപുഴയില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ എം.എന്‍. ജയചന്ദ്രന്‍, ജോണ്‍ പെരുവന്താനം എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മാനവികത വ്യക്തമാക്കിയതുമാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞരീതിയില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമം റിപ്പോര്‍ട്ടിലുണ്ട്. പാരിസ്ഥിതിക ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പോംവഴി വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും വ്യക്തമാക്കുന്നു. മലയുടെ ചെരിവുകളില്‍ കൃഷി പാടില്ല, പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്ത് പാറപൊട്ടിക്കാന്‍ പാടില്ല, ഏലമലക്കാടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ടുവച്ചത്.

പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു

 പരിമിതമാണെങ്കിലും പരിസ്ഥിതി സംരക്ഷിക്കുന്നതിനുവേണ്ടി നിയമങ്ങള്‍ നിലവിലുണ്ട്. ഇവ പാലിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശങ്ങളില്ല. പരിസ്ഥിതിക്ക് ഏറെ ഇണങ്ങുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍പ്പോലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനാല്‍ റിപ്പോര്‍ട്ടിന്റെ പ്രഖ്യാപനം വൈകുകയാണ്. ദുരന്തങ്ങള്‍ പൂമുഖത്തെത്തുമ്പോള്‍ മാത്രമാണ് പരിസ്ഥിതിയെക്കുറിച്ച് നാം ചിന്തിക്കുന്നത്.

സുരക്ഷിത ഇടങ്ങള്‍ എവിടെ?

കഴിഞ്ഞവര്‍ഷത്തെ പ്രളയം മലയാളക്കരയ്‌ക്കേറ്റ പ്രഹരമായിരുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന ഇടങ്ങളിലെല്ലാം അന്ന് വെള്ളം കയറി. ഈ വര്‍ഷമാകട്ടെ ഒരിക്കലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകില്ലെന്ന് കരുതിയ ഇടങ്ങളിലൊക്കെ ദുരന്തമുണ്ടായി. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ദുരന്തം അപ്രതീക്ഷിതമായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം എവിടെ, എങ്ങനെ, എപ്പോള്‍, എന്നൊന്നും മുന്‍കൂട്ടി ഒരു സൂചനപോലും നല്‍കാതെ ദുരന്തം പാഞ്ഞെത്തുന്ന സ്ഥിതിയിലായിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.