'ഗവര്‍ണര്‍ക്കെതിരായ ചെന്നിത്തലയുടെ പ്രമേയത്തിന് സര്‍ക്കാര്‍ പിന്തുണയില്ല'; പ്രതിപക്ഷ നീക്കം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനെന്ന് പിണറായി സര്‍ക്കാര്‍

Monday 27 January 2020 11:23 pm IST

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ  അനുകൂലിക്കില്ലെന്ന് സര്‍ക്കാര്‍. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. മറ്റെന്നാള്‍ ചേരുന്ന കാര്യോപദേശകസമിതി യോഗത്തിലും സര്‍ക്കാര്‍ ഈ നിലപാടാണ് സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പരസ്യമായി തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. 

നേരത്തെ, ഗവര്‍ണറെ ഉടന്‍ പുറത്താക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന  പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ പ്രമേയം സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്നതാണെന്നും സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നുമാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. 

എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകള്‍ പിണറായി സര്‍ക്കാരിനെ കുടുക്കാനെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. കേരളത്തില്‍ നിലവില്‍ ഭരണ പ്രതിസന്ധിയൊന്നുമില്ലെന്നും ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.