ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന അവസ്ഥയിലല്ല സിപിഎം; തന്റെ നിലപാടില്‍ തെറ്റ് കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിയുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Monday 20 January 2020 5:27 pm IST
സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ് ഗവര്‍ണര്‍. താന്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റ് ചൂണ്ടി കാട്ടാന്‍ യെച്ചൂരിയ്ക്ക് കഴിയുന്നില്ല. ഞാന്‍ ചെയ്തത് എല്ലാം ശരിയായത് കൊണ്ടാണ് എന്റെ ഓഫീസ് തന്നെ നിലനില്‍ക്കേണ്ടതല്ല എന്ന് യച്ചൂരി പറഞ്ഞത്.

തിരുവനന്തപുരം: തന്റെ പദവി എടുത്തുകളയാന്‍ തക്ക അവസ്ഥയിലല്ല സിപിഎമ്മെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമ്പോഴായിരുന്നു ഗവര്‍ണറുടെ സിപിഎമ്മിനെതിരായുള്ള പരിഹാസം. ജനങ്ങള്‍ ആദ്യം സിപിഎമ്മിന് ഭരിക്കാന്‍ അവസരം നല്‍കട്ടെയെന്നും അതിനു ശേഷം ഗവര്‍ണര്‍ പദവി ഇല്ലാതാക്കുന്നത് അലോചിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ് ഗവര്‍ണര്‍. താന്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റ് ചൂണ്ടി കാട്ടാന്‍ യെച്ചൂരിയ്ക്ക് കഴിയുന്നില്ല. ഞാന്‍ ചെയ്തത് എല്ലാം ശരിയായത് കൊണ്ടാണ് എന്റെ ഓഫീസ് തന്നെ നിലനില്‍ക്കേണ്ടതല്ല എന്ന് യച്ചൂരി പറഞ്ഞത്. തന്റെ പദവി റദ്ദാക്കാന്‍ യെച്ചൂരി പറയുന്നതും അതുകൊണ്ടാണ്. സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അപ്പോള്‍ പിന്നെ ആരും ഉണ്ടാകില്ലല്ലോ എന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരും താനും തമ്മില്‍ പ്രശ്നങ്ങളില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. ഭരണഘടനാ സംവിധാനം തകര്‍ക്കാന്‍ താന്‍ അനുവദിക്കില്ല. സര്‍ക്കാരിന് സുപ്രീംകോടതിയില്‍ പോകുന്നതിന് ഗവര്‍ണര്‍ അനുമതി വേണം. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഇത് പാലിച്ചില്ല. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി കൈമാറിയ വിശദീകരണം തള്ളി കൊണ്ടായിരുന്നു ഗവര്‍ണര്‍ ഈ കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭരണഘടനാപരമായ ചട്ട ലംഘനം നില നില്‍ക്കുന്നിടത്തോളം ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും. തുടര്‍ നടപടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.