ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്തുള്ള കേസുകളില്‍ എന്താണ് പേടി; പിണറായി സര്‍ക്കാര്‍ അനുമതി വൈകിക്കുന്നതിന്റെ കാരണം അറിയിക്കണം; നിര്‍ദേശവുമായി ഹൈക്കോടതി

Monday 27 January 2020 4:45 pm IST

കൊച്ചി: മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്തുള്ള കേസുകളില്‍ ഒളിച്ച് കളിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.  ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ അനുമതി വൈകുന്നതിന് കാരണം  അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.  അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയില്‍ തീരുമാനം അറിയിക്കണമെന്ന കോടതി നിര്‍ദേശിച്ചു.  

ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാത്തതിനെതിരെ ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ്  കോടതിയുടെ ഈ നിര്‍ണായക പരാമര്‍ശം. മുന്‍ മന്ത്രിയായതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണന്നന്നും പരിഗണനയിലാണെന്നും  സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിലും ഇദ്ദേഹം തന്നെയല്ലേ പ്രതിസ്ഥാനത്തെന്നും, ആ കേസിന്റെ  അനുമതി കാര്യത്തിലും ഇത്തരത്തില്‍ മെല്ലപ്പോക്കാണല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.

പാലാരിവട്ടം പാലം കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.