നിയമസഭയിലെ തമ്മിത്തല്ലില്‍ ഭരണ-പ്രതിപക്ഷ ഒത്തുതീര്‍പ്പ്; പ്രതികളായ എംഎല്‍എമാരെയും മന്ത്രിമാരെയും വിചാരണ ചെയ്യരുതെന്ന് സര്‍ക്കാര്‍; ലക്ഷങ്ങളുടെ പൊതുമുതല്‍ തല്ലിത്തകര്‍ത്ത കേസ് പിന്‍വലിക്കാനൊരുങ്ങി പിണറായി

Monday 22 July 2019 7:54 pm IST

തിരുവനനന്തപുരം: നിയമസഭയില്‍ വി. ശിവന്‍കുട്ടിയടക്കമുള്ള സി പിഎം എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മിത മൈക്ക് സെറ്റും അടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ സെപ്റ്റംബര്‍ 2ന് വിശദമായ വാദം ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകയായ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്ക് ഉത്തരവിട്ടു. ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കേസ് മാറ്റിവച്ചത്.

2015 ലാണ് കേസിനാസ്പദമായ സംഭവം. ഇടത് എംഎല്‍എമാരായ കെ. അജിത്, കുഞ്ഞമ്പു മാസ്റ്റര്‍, നിലവില്‍  കായിക മന്ത്രിയായ ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി, നിലവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍.

അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശിപ്പിച്ചത്. കേസ് സാമാജികര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വിചാരണ  ചെയ്യാനായി സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് 2018 ഏപ്രില്‍ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സിജെഎം കോടതി അയച്ചിരുന്നു. എന്നാല്‍ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാന്‍ തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.

ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സര്‍ക്കാര്‍ പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

 

 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ നിന്നും അത്തിവരദരെ പുറത്തെടുത്തു; കാഞ്ചിപുരത്തെ അവതാരം കാണാന്‍ ഇതുവരെ എത്തിയത് 22 ലക്ഷം ഭക്തര്‍; പെരുമാളിനെ ദര്‍ശിക്കാന്‍ രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയെത്തും

 
 

വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്; എസ്റ്റേറ്റുകളും 61 ഫ്ളാറ്റുകളും സീല്‍ ചെയ്തു; 119 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.