പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയല്ല

Saturday 7 September 2019 3:00 am IST

 

പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെടാനും നിര്‍ദ്ദേശം നല്‍കാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യം നെടുനാളായി ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിലുള്ളതാണ്. എപ്പോഴൊക്കെ സിപിഎം അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഈ ചോദ്യം അവര്‍ക്ക് ആവര്‍ത്തിച്ചു ചോദിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോള്‍ കോടതിയില്‍നിന്നും അത് ഉണ്ടായിരിക്കുന്നത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയ്ക്ക് തെളിവാണ്. കളമശ്ശേരി എസ്‌ഐയെ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഈ മാസം പത്തൊമ്പതിനുതന്നെ വിശദീകരണം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.

കൊച്ചി സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ പോലീസ് ഇടപെടുകയും, എസ്എഫ്‌ഐ നേതാവിനെ പോലീസ് ജീപ്പില്‍ കയറ്റി കാമ്പസില്‍ മറ്റൊരിടത്ത് കൊണ്ടിറക്കിയതുമാണ് സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെ പ്രകോപിതനാക്കിയത്. കളമശ്ശേരിയുടെ രാഷ്ട്രീയം നോക്കി ഇടപെടുന്നതാണ് നല്ലതെന്ന് എസ്‌ഐയെ ഭീഷണിപ്പെടുത്തിയ ഹുസൈന്‍, ഇവിടെ മുന്‍പിരുന്നിട്ടുള്ളവരെ വരുതിയിലാക്കിയ കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. തനിക്കെന്താ കൊമ്പുണ്ടോ എന്ന ഹുസൈന്റെ ചോദ്യത്തിന് അതേനാണയത്തില്‍ എസ്‌ഐ മറുപടി പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് പാസ്സായതാണെന്നും, അതിനാല്‍ നല്ല ധൈര്യമുണ്ടെന്നും പറഞ്ഞ ആ പോലീസുദ്യോഗസ്ഥന്‍, 'നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല' എന്ന് അറിയിക്കുകയും ചെയ്തു. എസ്‌ഐ അമൃതരംഗന്റെ ധീരമായ ഈ പ്രതികരണത്തെ മുന്‍ ഡിജിപി സെന്‍കുമാറടക്കം പ്രശംസിക്കുകയും ചെയ്തു.

ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ ആഭ്യന്തരവകുപ്പ് ഭരിക്കുക സിപിഎമ്മായിരിക്കും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ തന്നെയാണ് ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത്. അന്ന് വകുപ്പ് ഭരിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. ഇക്കാലത്തൊക്കെ സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയെപ്പോലെയാണ് പോലീസ് പെരുമാറിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായിതന്നെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുമ്പോള്‍ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവും വരുന്നില്ല. ഇതിന് തെളിവാണ് സക്കീര്‍ ഹുസൈന്റെ ഭീഷണി. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് ഹുസൈന്‍ എന്നുകൂടി ഓര്‍ക്കുക.

പോലീസിന്റെ ഉന്നതങ്ങളില്‍ വിധേയന്മാരെ പ്രീണിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ചിട്ടുള്ള ദുസ്സാമര്‍ത്ഥ്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. അഴിമതിരഹിതനെന്നും കാര്യക്ഷമതയുള്ളയാളെന്നും പേരുകേട്ട ടി.പി. സെന്‍കുമാര്‍ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പോലീസ് തലപ്പത്തു വരാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയതാണ്. അവസാനം കോടതിതന്നെ നിര്‍ദ്ദേശിച്ചിട്ടും വഴങ്ങാതിരുന്നതിന് പഴികേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ഒരു പോലീസ് മേധാവിയെവച്ച് ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നട്ടെല്ലുള്ളവര്‍ പോലീസില്‍ അവശേഷിക്കുന്നുണ്ടെന്ന് ഒരു എസ്‌ഐതന്നെ തെളിയിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി മാറരുത്. പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, രാഷ്ട്രീയ യജമാനന്മാര്‍ക്ക് വിടുപണിചെയ്യുന്ന പോലീസുകാര്‍ക്കെതിരെയും കര്‍ശനനടപടികള്‍ ഉണ്ടാവണം. കളമശ്ശേരി സംഭവത്തിലെ ഹൈക്കോടതിയുടെ ഇടപെടല്‍ ശുഭോദര്‍ക്കമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.