ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോലീസ്; ഗത്യന്തരമില്ലാതെ നിലപാടില്‍ മലക്കം മറിഞ്ഞ് പിണറായി

Thursday 18 July 2019 6:08 pm IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പോലീസ് സേനയില്‍ വിമര്‍ശനമുയര്‍ന്നതോടെ ആദ്യ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് പിണറായി. കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്നു പത്രസമ്മേളനം നടത്തി അദ്ദേഹം പിന്‍വലിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് പോലീസ് സേനയിലെ ഭൂരിപക്ഷം അംഗങ്ങളും നിലകൊണ്ടത്. യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ പിണറായി ശ്രമിച്ചിട്ടും പല പോലീസുകാരും അതിന് കൂട്ടുനിന്നില്ല. ഇതിനെതിരെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ച് പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പിണറായി ഇന്ന് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. 

പോലീസുകാരില്‍ ചിലര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരം ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി ഇപ്പോള്‍ പറയുന്നത്. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയെന്ന നിലയില്‍ ബാധ്യതയാണ്. അത് മാത്രമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയ്തതെന്നും പിണറായി വിജയന്‍ ന്യായീകരിച്ചു. 

തമിഴ്നാട്ടില്‍ നിന്നും എത്തിയ മനിതി സംഘത്തോടൊപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ പ്രവര്‍ത്തിച്ച് നാറാണത്ത് ഭ്രാന്തന്‍മാരെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും പോലീസിനുള്ളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  മനിതി സംഘം പമ്പയില്‍ എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.   പല പോലീസുകാരും യുവതികളെ സന്നിധാനത്ത് എത്തിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിന്നില്ല. ശബരിമല ഡ്യൂട്ടി ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു.ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്നും യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന വിവരങ്ങള്‍ പോലീസ് സേനയില്‍ നിന്ന് പലപ്പോഴും ചോര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ ഹൈക്കോടതി ഇന്നലെ രംഗത്ത് വന്നിരുന്നു. നെയിം പ്ലേറ്റ് ഇല്ലാത പോലീസുകാരെ നിയോഗിച്ചതിനെതിരെ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. 

ശബരിമലയില്‍ നെയിംപ്ലേറ്റില്ലാത്ത പോലീസുകാരെ ജോലിക്കായി നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന് കരുതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. അതിനിടെ ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എതിര്‍കക്ഷികള്‍ക്ക് പോലീസുകാരുടെ വിശദാംശങ്ങള്‍ നല്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.