'അയ്യപ്പസ്വാമിയെ നിന്ദിച്ച ഹസന്‍ മുബാരക് അടക്കമുള്ള എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കണം'; പൊലീസ് തള്ളിയ ബിജെപിയുടെ പരാതിയില്‍ കോടതിയുടെ ഇടപെടല്‍

Wednesday 26 June 2019 6:32 pm IST

തൃശൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള  കേരളവര്‍മ കോളജില്‍ ശബരിമല അയ്യപ്പനെ നിന്ദിച്ച ഫ്‌ളക്‌സ് വെച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവ്. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസന്‍ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, കോളജ് യൂണിറ്റ് പ്രസിഡന്റ് നന്ദന ആര്‍, യൂണിയന്‍ ചെയര്‍മാന്‍ യദുകൃഷ്ണ വി എസ് എന്നിവര്‍ക്കെതിരെയാണ് 153 എ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തൃശൂര്‍ വെസ്റ്റ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്. . ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 

സിറ്റി പോലീസ് കമ്മീഷണര്‍ക്കും വെസ്റ്റ് സിഐക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആര്‍ത്തവ രക്തത്തോടൊപ്പം തലകീഴായി ഒലിച്ചിറങ്ങുന്ന അയ്യപ്പന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രകോപനപരവും ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നതുമാണെന്ന് ബിജെപിയും എബിവിപിയും നല്‍കിയ പരാതിയില്‍ പറയുന്നു.

 ഫ്ളക്സ് എസ്എഫ്ഐ തന്നെ സ്ഥാപിച്ചതാണ്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് എസ്എഫ്ഐ ചുവപ്പ് റിബണ്‍ കൊണ്ട് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്ഐയാണെന്ന് ഉറപ്പിച്ചു പറയാനാകും. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സിഐ ഓഫീസില്‍ നടന്ന ഓള്‍ പാര്‍ട്ടി യോഗത്തില്‍ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂണിറ്റ് ചുമതലയുമുള്ള അസര്‍ മുബാറക്ക് സിഐ സലീഷിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എബിവിപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രണവ് ജി കൃഷ്ണന്റെ ക്ഷമാപണം എന്ന പേരില്‍ ഫെയ്സ് ബുക്കില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയെന്നും എന്നാല്‍ പ്രണവ് എന്ന് പേരുള്ള എബിവിപി പ്രവര്‍ത്തകന്‍ കേരളവര്‍മ്മ കോളേജിലില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഇവിടെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് അനഘ സന്തോഷാണ്. വ്യാജ പ്രചരണം നടത്തിയ പ്രണവ് ജി കൃഷ്ണനെതിരെ കേരളവര്‍മ്മയിലെ എബിവിപി പ്രവര്‍ത്തകരുടേയും ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിക്കുമെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.