എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തില്‍ മറ്റൊരു അധ്യാപകന്റെ കണ്ണീരും; അയ്യപ്പനെ വികലമാക്കി ചിത്രീകരിച്ച ബോര്‍ഡ് എടുത്തുമാറ്റിയ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിച്ചു

Thursday 11 July 2019 1:17 pm IST

 

തൃശൂര്‍: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ അയ്യപ്പനെ വികലമാക്കി ചിത്രീകരിച്ച് ബോര്‍ഡ് വെച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുത്ത പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചു 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.പി. ജയദേവനെയാണ് എസ്എഫ്‌ഐ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചത്. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും പീഡനത്തെ തുടര്‍ന്നാണ് രാജി. എസ്എഫ്‌ഐ പറയുന്നത് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചാണ് സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെപിസിടിഎ അംഗംകൂടിയായ ജയദേവന് രാജിവെക്കേണ്ടി വന്നത്. 

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ യദുവിനോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയൊന്നാരോപിച്ച് എസ്എഫ്‌ഐക്കാര്‍ രണ്ടു ദിവസമായി പ്രിന്‍സിപ്പലിന്റെ ഒാഫീസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ ജയദേവനെ എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ ഘെരാവോ ചെയ്തു.  പോലീസില്‍ വിളിച്ചറിയിച്ചിട്ടും സമരക്കാരെ നീക്കി പ്രിന്‍സിപ്പലിനെ മോചിപ്പിച്ചില്ല. ഒടുവില്‍ രാത്രി 11 ന് എസ്എഫ്‌ഐ ജില്ലാ നേതാക്കളെത്തിയാണ് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. 

സംഭവത്തെ കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഔദ്യോഗികമായി ജയദേവന്‍ അറിയിച്ചു. എന്നാല്‍ എസ്എഫ്‌ഐ പറയുന്നത് പോലെ തീരുമാനങ്ങളെടുക്കണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു ബോര്‍ഡ് അധികൃതരുടെ മറുപടി. ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചും ജയദേവന്‍രാജിവയ്ക്കുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.