കേരളം നിസ്സംഗത വെടിയണം

Monday 13 January 2020 7:23 am IST

ഇസ്ലാമിക ഭീകരരുടെ താവളമായി കേരളം മാറിയിട്ട് പതിറ്റാണ്ടുകളായി. ആദ്യം സിമിയും പിന്നീട് ഐഎസ്എസ് എന്ന പേരില്‍ അബ്ദുള്‍ നാസര്‍ മദനിയും വിത്തിട്ട ഭീകരപ്രവര്‍ത്തനത്തിന് കേരളത്തിലെ ഇരു മുന്നണി സര്‍ക്കാരും ഒത്താശ ചെയ്യുന്നത് പലകുറി വ്യക്തമായതാണ്. രാജ്യത്തെവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതിന്റെ വേര് കേരളത്തിലും പടര്‍ന്നത് തെളിഞ്ഞിട്ടുണ്ട്. കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊന്നവരുടെ താവളവും കേരളമായിരുന്നു എന്നാണ് ബോധ്യമാകുന്നത്. തെങ്കാശി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തത് കൊല്ലത്തുനിന്നാണ്. പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കൊല്ലം റൂറല്‍ പോലീസാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായത്. കൃത്യം നടത്തിയ രണ്ടുപേരും നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും അയല്‍ സംസ്ഥാനങ്ങളും നല്‍കുന്ന ഗൗരവമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ഇരുമുന്നണികളിലുമുള്ള മുസ്ലിം സംഘടനകളുടെ സാന്നിധ്യമാണെന്നതില്‍ സംശയമില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദബന്ധമുള്ള ആറംഗസംഘം ആക്രമണം നടത്തുമെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യുബ്രാഞ്ച് മൂന്നു മാസം മുമ്പ് സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പോലീസുകാരനെ വെടിവച്ചുകൊന്ന പ്രതികളടക്കം ആറു പേരുടെ ചിത്രങ്ങളും നല്‍കി. ശബരിമല തീര്‍ത്ഥാടകരെ അടക്കം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, സമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ടും തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍െട്ടന്നാണ് തമിഴ്‌നാട് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേരളാ പോലീസിനും ഈ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ചിത്രങ്ങളും കൈമാറി. സംസ്ഥാന ഇന്റലിജന്റ്‌സ് 48 മണിക്കൂര്‍ മുന്നേയാണ് ഇവരുടെ ചിത്രങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചത്. ജാഗ്രതാ നിര്‍ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്‌പോസ്റ്റില്‍ കയറി വെടിവച്ച് കൊന്നത്. 

എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ തീവ്രവാദികള്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് തലസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. തീവ്രവാദി ആക്രമണം നടന്ന ഉടനെ സംഘം കേരളത്തിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നാലെ എത്തിയ തമിഴ്‌നാട് പോലീസ് സഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിലാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് സഹായം ഒരുക്കുകയും ചെയ്ത പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലി ഏകദേശം ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. തീവ്രവാദികള്‍ക്ക് സഹായം ഒരുക്കി നല്‍കിയ കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിട്ടുണ്ട്. ഇതെല്ലാം നല്‍കുന്ന സൂചന കേരളം ഭീകരര്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ്. പ്രതികള്‍ ഉപയോഗിച്ച തോക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെത്തിയ ആയിരം തോക്കുകളില്‍ പെട്ടതാണെന്നും പോലീസ് കരുതുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കണ്ടൈനര്‍ നിറയെ കള്ളനോട്ടുകളും തോക്കുകളും വന്നത് സംബന്ധിച്ച് വിവാദമുയര്‍ന്നെങ്കിലും പോലീസ് നടപടിയുണ്ടായില്ല എന്നതും മറക്കാന്‍ പാടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരുകളുടെ നിസംഗത 'കേരളത്തെ കശ്മീരാക്കുമെന്ന' തീവ്രവാദികളുടെ മുദ്രാവാക്യം നടപ്പാക്കുമെന്ന ഭയാനക സാഹചര്യം തള്ളിക്കളയാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.