കേരളം ഇന്നും ഭ്രാന്താലയം

Wednesday 23 October 2019 2:09 am IST

 

കൂടത്തായി കൊലപാതക പരമ്പര വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിട്ട് ആഴ്ചകളായി. ഉപതെരഞ്ഞെടുപ്പിനുള്ള വെടിമരുന്നാണ് കൊലകളെക്കുറിച്ചുള്ള തെളിവെടുപ്പും പോലീസ് മിടുക്കുകാട്ടലുമെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വരുന്നതോടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങും. കൊലപാതകങ്ങളും പീഡനങ്ങളുമെല്ലാം മറ്റൊരു സംസ്ഥാനങ്ങളിലുമുള്ളതിനെക്കാള്‍ ഭീകരമാണ്.

അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത വേറെ എവിടെനിന്നെങ്കിലും കേള്‍ക്കുന്നുണ്ടോ? അച്ഛന്‍ മക്കളെ കൊല്ലുന്നു. മകന്‍ അച്ഛനെ കൊല്ലുന്നു. അച്ഛനെയും അമ്മയെയും കൊന്ന് മകന്‍ ആത്മഹത്യക്കൊരുങ്ങുന്നു. ഇമ്മാതിരി വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസമില്ല. അടുത്തിടെയാണ് എറണാകുളത്തുനിന്നും അത്തരമൊരു ദാരുണവാര്‍ത്ത വന്നത്. എളമക്കരയില്‍ യുവാവ് അച്ഛനെയും അമ്മയെയും തലയ്ക്കടിച്ചശേഷം വെട്ടിക്കൊന്നു. സുഭാഷ് നഗറില്‍ അഞ്ചനപ്പള്ളി ലെയ്‌നില്‍ അഴീക്കല്‍കടവ് വീട്ടില്‍ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ സനല്‍ (30) ചുറ്റിക തലയ്ക്കടിച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടില്‍ വാക്കേറ്റമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. സരസ്വതിയോട് സനല്‍ കയര്‍ത്ത് സംസാരിച്ചു. ഇതോടെ വീടിനു പുറത്തേക്കിറങ്ങിയ സരസ്വതി, ഷംസു വന്നശേഷം അകത്തേയ്ക്ക് കയറിയപ്പോഴാണ് ആക്രമണം. വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. ഇതിന് സമീപത്തുനിന്ന് ചുറ്റിക, കത്തി, ബ്ലേഡ് എന്നിവ കണ്ടെടുത്തു. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. 

ഇടുക്കിയിലെ വട്ടവടയില്‍ 27 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു എന്ന വാര്‍ത്തയും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലനടത്തിയതായി സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹത്ത് മുറിവുകളോ മറ്റ് പാടുകളോ ഇല്ല, ശ്വാസം മുട്ടിച്ച ലക്ഷണങ്ങളും കണ്ടെത്താനായില്ല. ശ്വാസനാളത്തില്‍ മുലപ്പാല്‍ കയറിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെ മണ്ണും ശേഖരിച്ചിട്ടുണ്ടെങ്കിലും ശേഷം എന്തെന്ന് പ്രവചിക്കാനാവില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ തടയാനും നടപടി സ്വീകരിക്കാനും ബാധ്യതപ്പെട്ടവരാണ് പോലീസ്. വേലിതന്നെ വിളവുതിന്നുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നവജാതശിശുവിന്റെ മരണത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 

സമൂഹത്തിലെന്നപോലെ പോലീസിലും കുറ്റവാസന പ്രകടമാകുകയാണ്. കൊലപാതകത്തിലടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. മേലധികാരികള്‍ കീഴേതലത്തിലുള്ള പോലീസുകാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഓരോദിവസവും കൂടുകയാണ്. അതിന്റെ ഭാഗമാണല്ലോ അടുത്തിടെ കൊച്ചിയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോലിയും കുടുംബവുമൊന്നും നോക്കാതെ നാടുവിട്ടത്. നാടുവിടാനുള്ള കാരണം പിന്നീട് പറയാമെന്ന് ഉറപ്പുനല്‍കിയ നവാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തില്‍ തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പുലഭ്യം കേട്ട് മടുത്ത് ഒരു പോലീസുകാരന്‍ കണ്ണൂരില്‍ രാജിവയ്ക്കുകയും ചെയ്തു. മലപ്പുറത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചത് പീഡനം മൂലമാണെന്ന് കുടുംബം ആരോപിക്കുന്നു.

അതിനെക്കാള്‍ ഭയാനകമാണ് ഒരു പോലീസുകാരന്‍ ഒരു പോലീസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ പോകവെ പിന്നാലെ കാറില്‍വന്ന പോലീസുകാരന്‍ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തുക മാത്രമല്ല വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കേരളത്തെ ആകെ നടുക്കിയ സംഭവത്തിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭാഷ്യം. മൂന്ന് പിഞ്ചുമക്കളുടെ അമ്മയ്ക്കാണ് ദാരുണാന്ത്യം എന്നോര്‍ക്കണം. ഇത് സ്‌നേഹമോ പ്രണയമോ എന്ന് കാണാനാവില്ല. വെറും കാമവെറിയാണ് കലിയായി വളര്‍ന്നതെന്ന് വ്യക്തം. വധിക്കപ്പെട്ടത് സൗമ്യയെന്ന പോലീസുകാരിയും. പ്രതി അജാസുമാണ്. അജാസ് സൗമ്യയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. എല്ലാ വിവരങ്ങളും വള്ളിക്കുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. എന്നിട്ടും സ്റ്റേഷനില്‍ സംരക്ഷണം ലഭിച്ചില്ല.

ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുമ്പോഴും രാജ്യത്തെവിടെയും നടക്കുന്നതിനെക്കാള്‍ നടുക്കുന്ന കൊലകള്‍ കേരളത്തിലും ഉണ്ടാകുന്നു. തല്ലിത്തല്ലി എംഎല്‍എയെവരെ തല്ലി കയ്യൊടിച്ചു. ഇക്കണക്കിന് ഇനി ആര്‍ക്കൊക്കെ തല്ലുകിട്ടുമെന്ന് കണ്ടുതന്നെ അറിയണം. അടുത്തത് മന്ത്രിമാരായിരിക്കുമോ? സാധാരണക്കാരെ തല്ലാന്‍ പണ്ടേ പോലീസിന് ലൈസന്‍സ് ഉണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ആ സാധാരണക്കാര്‍ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗമാണെന്ന രീതിയിലായിരുന്നല്ലോ രാഷ്ട്രീയ സംവിധാനത്തിന്റെ പെരുമാറ്റം. അവരെ തൊടാന്‍ പോലീസ് പേടിക്കുമെന്നായിരുന്നു ധാരണ. പക്ഷെ, സിപിഎം ഭരണത്തില്‍ അവര്‍ക്ക് രക്ഷയില്ല. 

പോലീസ് അതിക്രമം, പോലീസ് അഴിഞ്ഞാട്ടം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് അതിരുവിട്ട അവസ്ഥയാണ്. ഇത് ജനങ്ങളുടെ പോലീസല്ല. സര്‍ക്കാരിന്റെ പോലീസുമല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ മാത്രം പോലീസാണ്. ആ കക്ഷിയൊഴിച്ച് ആരെയും തല്ലും. വേണ്ടിവന്നാല്‍ കൊല്ലും. മുന്നണിയിലെ പങ്കാളികളായാലും അതിന് മാറ്റമില്ല. മനുഷ്യാവകാശം എന്നത് തങ്ങള്‍ക്കുമാത്രമുള്ളതാണെന്ന ധാര്‍ഷ്ട്യമാണവരുടെ മുഖമുദ്ര.

കഞ്ചാവ് കേസില്‍ പിടികൂടിയ പ്രതി എക്‌സൈസിന്റെ കസ്റ്റഡിയിലാണ് മരിച്ചത്. അയാള്‍ മരണപ്പെടേണ്ടയാളാണെന്ന് എക്‌സൈസുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ പറഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെ കാണുമ്പോഴല്ലെ തോന്നുക. കേരളം ഇന്നും ഭ്രാന്താലയമാണെന്ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.