കേരളത്തിന് തകര്‍പ്പന്‍ ജയം

Tuesday 8 October 2019 9:43 pm IST

 

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരളം. 65 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത് കേരളം ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായി. വിഷ്ണു വിനോദിന്റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് ഛത്തീസ്ഗഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 91 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ് 11 സിക്‌സും 5 ഫോറുമടക്കം 123 റണ്‍സ് അടിച്ചുകൂട്ടി. ടൂര്‍ണമെന്റില്‍ മികച്ച ഫോം തുടരുന്ന വിഷ്ണു വിനോദിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ കര്‍ണാടകയ്‌ക്കെതിരെ 104 റണ്‍സടുത്തിരുന്നു. ഇതിനു പുറമെ ഝാര്‍ഖണ്ഡിനെതിരെ അര്‍ധസെഞ്ചുറിയും (56) നേടി. 

നാലു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ്, മൂന്നു വിക്കറ്റ് വീതം പിഴുത സന്ദീപ് വാരിയര്‍, കെ.എം. ആസിഫ് എന്നിവരുടെ ഗംഭീര ബൗളിങ്ങാണ് കേരളത്തിന് മിന്നുന്ന ജയം സമ്മാനിച്ചത്. ഛത്തീസ്ഗഡിനായി ഓപ്പണര്‍ ജീവന്‍ജ്യോത് സിങ് (56), അശുതോഷ് സിങ് (77) എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയെങ്കിലും തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല. ഈ സീസണിലെ അഞ്ചാം മല്‍സരത്തില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. ഇതിനു മുന്‍പ് ഹൈദരാബാദിനെയും കേരളം തോല്‍പ്പിച്ചിരുന്നു.

നേരത്തെ ഛത്തീസ്ഗഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ പുറത്ത്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താനാകാത്ത ഉത്തപ്പ, ഒന്‍പതു പന്തില്‍ ആറു റണ്‍സെടുത്താണ് മടങ്ങിയത്. എന്നാല്‍, രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദും സഞ്ജും സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടു. ഏഴ് ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഞ്ജു 17 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 16 റണ്‍സെടുത്ത് പുറത്തായി.

പിന്നീടെത്തിയ സച്ചിന്‍ ബേബി (34), ജലജ് സക്‌സേന (34), മുഹമ്മദ് അസ്ഹറുദ്ദീന്‍ (56) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. പി. രാഹുല്‍ഒരു റണ്ണിന് മടങ്ങി. അക്ഷയ് ചന്ദ്രന്‍ 9 പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടി. ഛത്തീസ്ഗഡിനായി വീര്‍പ്രതാപ് സിങ് 10 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സുമിത് റൂയ്കര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.

297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ശശാങ്ക് ചന്ദ്രാകാര്‍ (1) പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ജീവന്‍ജ്യോത്-അശുതോഷ് സിങ് സഖ്യം പോരാട്ടം നയിച്ചെങ്കിലും ഇരുവരെയും പുറത്താക്കി സന്ദീപ് വാരിയര്‍ രക്ഷകനായി. ജീവന്‍ജ്യോത് 73 പന്തില്‍ ഏഴു ഫോര്‍ സഹിതം 56 റണ്‍സും അശുതോഷ് 89 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സുമെടുത്തു.

ഇരുവരും പുറത്തായശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരള ബൗളര്‍മാര്‍ ഛത്തീസ്ഗഡിനെ 231 റണ്‍സില്‍ ഒതുക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.