രാജ്യത്ത് പിടിയിലായത് 155 ഐഎസ് ഭീകരരും അനുഭാവികളും; അറസ്റ്റിലായവരില്‍ ഐഎസിന്റെ ഉപസംഘടനയില്‍പ്പെട്ടവരുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Tuesday 25 June 2019 10:59 pm IST
ലോക്‌സഭാ സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് 2016 മുതല്‍ 2019 വരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാനായി യുവാക്കള്‍ പോയിട്ടുണ്ട്.

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 155 ഓളം ഐഎസ് ഭീകരരും അനുഭാവികളും പിടിയിലായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ ഐഎസിന്റെ ഉപസംഘടനയില്‍പ്പെട്ടവരുണ്ടെന്നും രാജ്യത്ത് പലയിടങ്ങളിലും ഇവര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി .

ലോക്‌സഭാ സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് 2016 മുതല്‍ 2019 വരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാനായി യുവാക്കള്‍ പോയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാനായി പോയ യുവാക്കള്‍ അഫ്ഗാനില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വലയത്തിലാണ് .

ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ്. സമൂഹ മാദ്ധ്യമങ്ങളാണ് പ്രധാനമായും ഈ ഭീകര സംഘങ്ങളുടെ ആശയ വിനിമയ മാര്‍ഗങ്ങള്‍. യുവാക്കളെ ആകര്‍ഷിക്കാനും മറ്റുമായി വലിയ തോതില്‍ അവര്‍ ഇത്തരം സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ അന്വേഷണ വിഭാഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളടക്കം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.