കിയാല്‍ ഓഡിറ്റിങ് തടഞ്ഞാല്‍ നടപടി : കേന്ദ്രം

Friday 29 November 2019 6:54 am IST

 

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും മൂടിവയ്ക്കാന്‍  ഓഡിറ്റിങ് തടയുന്ന പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്രം. കണ്ണൂര്‍ വിമാനത്താവളം( കിയാല്‍) സ്വകാര്യകമ്പനിയല്ലെന്നും സിഎജി ഓഡിറ്റിങ് തടഞ്ഞാല്‍  കമ്പനി ഭാരവാഹികള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര കമ്പനികാര്യമന്ത്രാലയം വ്യക്തമാക്കിയത്. 

സിഎജിയുടെ  ഓഡിറ്റിങ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്നും കര്‍ശന നടപടി ഉണ്ടാവുമെന്നും കാണിച്ച് നവംബര്‍ 25ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കിയാല്‍ എംഡിക്ക് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുള്ള കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഓഡിറ്റിങ് തടയുന്നത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും കത്തില്‍ പറയുന്നു. ഇതുവരെ കിയാല്‍ അധികൃതര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കമ്പനികാര്യ ഡയറക്ടര്‍ ജനറലിനും കമ്പനി രജിസ്ട്രാര്‍ക്കും കേന്ദ്രകമ്പനി കാര്യമന്ത്രാലയം നിര്‍ദേശവും നല്‍കി. 

മുഖ്യമന്ത്രി പിണറായി വിജയനും അഞ്ച് സംസ്ഥാന മന്ത്രിമാരും അടക്കം അംഗങ്ങളായ ഡയറക്ടര്‍ ബോര്‍ഡാണ് നടപടികള്‍ നേരിടേണ്ടിവരിക. കിയാലില്‍ ഓഡിറ്റിങ് നടത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിക്കുകയും  സിഎജിക്കും മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിഎജി നേരിട്ട് കേന്ദ്രകമ്പനികാര്യമന്ത്രാലയത്തെ സമീപിച്ചത്. 

നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ മാതൃകയിലുള്ള സ്വകാര്യ കമ്പനിയാണ് കിയാലെന്നായിരുന്നു പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. അതിനാല്‍ തന്നെ സിഎജി ഓഡിറ്റിങ് ആവശ്യമില്ലെന്നും സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തു. സിയാലില്‍ 42 ശതമാനം ഓഹരിമാത്രമാണ് സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായുള്ളത്. എന്നാല്‍, കണ്ണൂരില്‍ ഇത് 63 ശതമാനമാണ്. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനവും മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 28 ശതമാനവും സ്വകാര്യ വ്യക്തികള്‍ക്ക് 37 ശതമാനവുമാണ് കിയാലില്‍ ഓഹരി. അമ്പതു ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റിങ് സിഎജി നടത്തണമെന്നാണ് ചട്ടം. കിയാലില്‍ നടത്തിയ നിരവധി അനധികൃത നിയമനങ്ങളും അഴിമതികളും മറച്ചുവയ്ക്കുന്നതിനായാണ് സിഎജി ഓഡിറ്റിങ് സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്നാണ് ആക്ഷേപം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.