കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടിയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ശ്രീമൂലം ക്ലബില്‍ ഇന്ന് ആട്ടവും പാട്ടും മെഗാ നറുക്കെടുപ്പും; പ്രതിഷേധവുമായി പത്രപ്രവര്‍ത്തകര്‍

Thursday 22 August 2019 4:00 pm IST

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഖബറിലെ മണ്ണിന്റെ നനവ് ഉണങ്ങും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടികളുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകം. വഴുതക്കാട് ശ്രീമൂലം ക്ലബില്‍ ഇന്ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെയാണ് ആഘോഷപരിപാടികള്‍. ആട്ടവും പാട്ടും ഉള്‍പ്പടെയുള്ള കലാപരിപാടികളും മെഗാ നറുക്കെടുപ്പും ചടങ്ങിന് കൊഴുപ്പേകാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് ഇത്തരം ഒരു ആഘോഷം നടത്തുന്നതിനെതിരെ പത്രപ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ആഗസ്റ്റ് 15നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇത്തരത്തിലുള്ള കുടുംബസംഗമവും ആഘോഷപരിപാടികളും നടത്താറുള്ളത്. ബഷീറിന്റെ മരണം ഈ മാസം മൂന്നിന് പുലര്‍ച്ചെയാണ് സംഭവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവം വളരെ വൈകാരികമായാണ് കാണുന്നതും. അതുകൊണ്ടു തന്നെ കെ.എം. ബഷീര്‍ സ്മൃതിയോടെ എന്ന പേരില്‍ ഇത്തരത്തില്‍ ആട്ടവും പാട്ടുമായി ആഘോഷപരിപാടി സംഘടിപ്പിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്നും ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

രണ്ടു വര്‍ഷം കാലാവധിയുള്ള നിലവിലെ കമ്മിറ്റിക്ക് ഇതുവരെ കുടുംബ സംഗമം നടത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രളയത്തിന്റെ പേരില്‍ മാറ്റിവച്ച കുടുംബ സംഗമം ഇക്കുറിയും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായിട്ടും നടത്താനാണ് തീരുമാനം. ഏതാനും ആഴ്ചകള്‍ക്കകം കെയുഡബ്ലുജെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രഹസനമായാണ് അംഗങ്ങള്‍ ഇതിനെ നോക്കികാണുന്നത്.

എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാനായാണ് കുടുംബ സംഗമം പോലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍, ഇക്കുറി ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടത്തുന്നതിനെതിരെ വിശ്വാസികളായ പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുമായി ക്ഷേത്രങ്ങളിലും ശോഭായാത്രകളിലും പങ്കെടുക്കണമെന്നതിനാല്‍ ചടങ്ങ് മാറ്റിവെയ്ക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ആവശ്യവും തള്ളിയാണ് നാളെ വൈകിട്ട് ആഘോഷം നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തലസ്ഥാനത്തെ തന്നെ നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പിന്നീട് പുതിയ വേദിയായ ശ്രീമൂലം ക്ലബിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരും പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.