കിടക്കാനിടമില്ലാതെ മെട്രോസ്റ്റേഷനുകളിലെ പോലീസുകാര്‍, അർഹതപ്പെട്ട അവധിയോ ഡ്യൂട്ടി ഓഫോ ഇല്ല

Friday 8 November 2019 3:53 pm IST

തിരുവനന്തപുരം: പോലീസിലാണ് ജോലി, കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. പക്ഷെ കിടക്കാന്‍പോലും ഇടമില്ലാതെ നരകിക്കുകയാണ് എണ്‍പതിലേറെ വനിതാ പോലീസും നൂറ്റിയിരുപതിലേറെ പോലീസുകാരും.

മെട്രോ തുടങ്ങിയതു മുതല്‍ കേരള പോലീസിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, കേരള ആംഡ് പോലീസ് തുടങ്ങിയ ബറ്റാലിയനുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഉള്ളവരാണ് സുരക്ഷാ പരിശോധന. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലുള്ളവര്‍. എട്ട് മണിക്കൂറാണ് ഡ്യൂട്ടി. താമസസൗകര്യം ഇല്ലാത്തതിനാല്‍ രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട ഗതികേടിലാണ് ഇവര്‍. 

രാവിലെ 5.30 മുതല്‍ രാത്രി 10 വരെയാണ് മെട്രോ പ്രവര്‍ത്തനം. പക്ഷെ ഡ്യൂട്ടി 11 വരെ നീളും. രണ്ട് ഷിഫ്റ്റ്.  പോലീസുകാര്‍ക്ക് കിടക്കാനോ വിശ്രമിക്കാനോ സ്ഥലമില്ല. പതിനായിരം  മുതല്‍ പതിനയ്യായിരം രൂപ വരെ വാടകയ്ക്ക് മുറി എടുത്താണ് പലരും താമസിക്കുന്നത്. ഇവര്‍ക്ക് അര്‍ഹതപ്പെട്ട അവധിയോ ഡ്യൂട്ടി ഓഫോ നല്‍കില്ല. അതിനാല്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ഡ്യൂട്ടി ക്രമപ്പെടുത്തി വീടുകളിലേക്ക് പോകണം. ഒരാള്‍ക്ക് അടിയന്തരമായി വീട്ടിലേക്ക് പോകണമെങ്കിലോ അസുഖം വന്നാലോ വീട്ടില്‍പോയ ആളുകള്‍ തിരികെ വരണം. താമസസൗകര്യം ഇല്ലാത്തതിനാല്‍ വനിതാ പോലീസുകാര്‍ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങണം. രാത്രി ഡ്യൂട്ടികഴിഞ്ഞ് ബസ് കിട്ടാതെ തിരികെ മെട്രോസ്റ്റേഷനിലെത്തി രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയിലാണ് വനിതാ പോലീസ്. എആര്‍ ക്യാമ്പ് ഉണ്ടെങ്കിലും അവിടെ തിരക്കായാല്‍ മെട്രോ ഡ്യൂട്ടിയിലുള്ളവരെ പ്രവേശിപ്പിക്കില്ല.  

മുഴുവന്‍ സമയവും യൂണിഫോമില്‍ ജോലി ചെയ്യുന്നവരാണിവര്‍. എന്നിട്ടും  ഏതാനും മാസങ്ങളായി ഇവര്‍ക്ക് യൂണിഫോം അലവന്‍സായ 5000 രൂപ ലഭിക്കുന്നില്ല. അതേസമയം മെട്രോസ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുമുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. എന്തങ്കിലും അത്യാവശ്യത്തിന് ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടികളും അധിക ഡ്യൂട്ടിയും. ഓഫ് നല്‍കിയില്ലെങ്കില്‍ ആ തുക ശമ്പളത്തില്‍ നല്‍കുമെന്നാണ്. പക്ഷെ ഇവര്‍ക്ക് അതും അന്യമാണ്. 

പലപ്പോഴും സുരക്ഷാ പരിശോധനയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ലോക്കല്‍ പോലീസ്‌പോലും സഹായത്തിന്  എത്തില്ലെന്ന് ഇവര്‍ പറയുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോലീസിനാണ് മെട്രോസ്റ്റേഷനുകളുടെ ചുമതല. പക്ഷെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എത്തുന്നതും നടപടി സ്വീകരിക്കുന്നതും വളരെ വൈകിയാണെന്നും പരാതിയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.