കൊച്ചി കപ്പല്‍ശാലയിലെ ഹാര്‍ഡ് ഡിസ്‌ക്ക് മോഷണം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം, രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് നാവികസേന

Saturday 21 September 2019 12:15 pm IST

കൊച്ചി: നാവിക സേനയ്ക്കായി തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം. അന്വേഷണങ്ങള്‍ക്കായി നാവികസേന ഒരു സമിതി രൂപീകരിച്ചു. സമിതി കപ്പല്‍ശാലയുടെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചു പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമില്ലെന്ന് നാവികസേന വ്യക്തമാക്കി.

അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകള്‍ മോഷണം പോയ ഹാര്‍ഡ് ഡിസ്‌കുകളിലില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കപ്പലിന്റെ യന്ത്രസാമഗ്രി വിന്യാസമടക്കം രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയതെന്നും ഇവയില്‍ സ്ഥാപിച്ചിട്ടുള്ളത് ഡമ്മി പ്രോഗ്രാമുകളാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസില്‍ കപ്പല്‍ നിര്‍മാണത്തിലേര്‍പ്പെട്ട ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. ഭാരതം തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത്.  2009ല്‍ ആരംഭിച്ച കപ്പലിന്റെ നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കി നാവിക സേനയ്ക്ക് കൈമാറാനാണ് പദ്ധതി. മോഷണം പോയ ഹാര്‍ഡ് ഡിസ്‌കുകള്‍ ഷിപ്പ്യാർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. അതിനാല്‍ തന്നെ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡമ്മി ഹാര്‍ഡ് ഡിസ്‌കുകളാണ് ഇവയില്‍ ഘടിപ്പിച്ചിട്ടുള്ളത്. കപ്പലില്‍ ആകെയുള്ള 31 കംപ്യൂട്ടറുകളും സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കപ്പല്‍ കമ്മീഷന്‍ ചെയ്ത ശേഷമേ, നാവികസേന രഹസ്യ സ്വഭാവമുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ ഘടിപ്പിക്കുകയുള്ളൂ. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.

കപ്പല്‍ ശാലയില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്നുവന്നാല്‍ വന്‍ പദ്ധതികള്‍ നഷ്ടപ്പെടാന്‍ വഴിയൊരുക്കും. അതിനാൽ മറ്റ് കമ്പനികളെയും സംശയിക്കുന്നുണ്ട്. ഇതിനായി ഇവിടുത്തെ ജീവനക്കാരെ തന്നെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയം. മോഷ്ടിച്ചത് കപ്പലിന്റെ ഉള്ളില്‍ പണിയെടുത്തവര്‍ തന്നെയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. അതിനാല്‍ കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍ പെട്ട 14 നിലകളുള്ള ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണച്ചെലവ് 20,000 കോടി രൂപയാണ്. 38 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കില്‍ ഉള്‍ക്കൊള്ളാന്‍ വിക്രാന്തിന് കഴിയും. നിര്‍മാണം തുടങ്ങിയത് മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കൊച്ചി കപ്പല്‍ശാല. എന്നിട്ടും ഇവിടുത്ത അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്ന കാര്യമാണ് ഏജ‌ൻ‌സികൾ അന്വഷിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.