കൊച്ചുമോളേ, ഏതാണാ ജനാധിപത്യം?

Thursday 22 August 2019 1:56 am IST

കൊച്ചുമോള്‍ക്ക് ഇപ്പോഴും സംശയം. ഇന്ത്യ ജനാധിപത്യ രാജ്യമാണോയെന്ന്. ജനാധിപത്യം എന്താണെന്ന് നാളിത്രയായിട്ടും കൊച്ചുമോള്‍ക്ക് മനസ്സിലായിട്ടില്ല. അഥവാ മനസ്സിലാക്കിയ ജനാധിപത്യത്തില്‍ ഇന്ത്യയൊട്ടില്ലതാനും.

പത്തറുപതുകൊല്ലം ഈ നാടുഭരിച്ചതിന്റെ ലഹരിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് കൊച്ചുമോള്‍ക്കും ടിയാളുടെ ചേട്ടന്‍കുട്ടിക്കും ഒരു നിശ്ചയവുമില്ല. ജനാധിപത്യം ശക്തിപ്പെടുത്താന്‍ 1975 ജൂണില്‍ മുത്തശ്ശി എന്തോ ഒരു സംഗതി നടപ്പാക്കിയെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. അതായിരുന്നത്രെ യഥാര്‍ത്ഥ ജനാധിപത്യം. കൊച്ചുമോള്‍ അന്ന് ഒന്നാം ക്ലാസിലോ മറ്റോ ആയിരുന്നോന്ന് സംശയം. ഏതായാലും നട്ടപ്പാതിരയ്ക്കാണ് 'ജനാധിപത്യ'ത്തെ പെട്ടിയിലാക്കി മുത്തശ്ശി സീലടിച്ചത്. സക്കീര്‍ ഹുസൈന്‍ എന്നൊരാളെ വരുതിയിലാക്കിയായിരുന്നു നാടകമെല്ലാം.

ജനാധിപത്യം എന്തായിരുന്നെന്ന് അന്നത്തെ വലിയ കോണ്‍ഗ്രസ്സുകാരോട് ചോദിച്ചാല്‍ ഒരുപക്ഷേ, അവര്‍ രഹസ്യമായി പറഞ്ഞുതരും. ഒരു കുടുംബത്തിന് രാജ്യം മൊത്തം വഴങ്ങിക്കൊള്ളണമെന്ന സുഗ്രീവാജ്ഞയുടെ 'ഫിസിക്കല്‍ പ്രസന്‍സ്' എന്ന് വേണമെങ്കില്‍ പറയാവുന്ന ആ 'ഓമന'യ്ക്ക് നാട്ടുകാര്‍ അടിയന്തരാവസ്ഥ എന്നൊരു പേരിട്ടു. മേപ്പടി അവസ്ഥയില്‍ ഖദറും വളിച്ച ചിരിയുമായി നടക്കുന്ന സകല ടിയാന്‍മാര്‍ക്കും ബഹുരസമായിരുന്നു. കാക്കിയും കാവലും അവരുടെ കൈയില്‍ കളിപ്പാവകളായിരുന്നു. ഇന്ത്യയെന്ന വികാരം കോണ്‍ഗ്രസ് എന്ന വികാരത്തില്‍ ലയിച്ചുപോയ ആ നാളുകളില്‍ കൊച്ചുമോളും ചേട്ടനും അര്‍മാദിച്ചുനടന്നിരുന്നു എന്നത് ഒരുപക്ഷേ, സ്വാഭാവികം. പിള്ളാരല്ലേ എന്തറിയാന്‍. അമ്മയും അച്ഛനും അമ്മൂമ്മയും അവരുടെ സേവകവൃന്ദവും കൂടി കളിച്ചുതിമര്‍ത്തു നടക്കുകയായിരുന്നല്ലോ. ബുദ്ധിയുറയ്ക്കാത്ത അക്കാലം തല്‍ക്കാലം നമുക്ക് മറന്നേക്കാം.

എന്നാല്‍ ബുദ്ധിയുറച്ചു എന്നുമാത്രമല്ല, അതിബുദ്ധികൂടി ആയതോടെ അന്നത്തെ അവസ്ഥതന്നെ വരണമെന്നാണല്ലോ കൊച്ചുമോള്‍ ആഗ്രഹിക്കുന്നത്. കുടുംബക്കാര്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും നാടുനീളെ കന്നംതിരിവ് കാണിച്ചുനടക്കാനാവുന്നില്ലെന്ന വിഷമമാണല്ലോ ടിയാളെ അസ്വസ്ഥയാക്കുന്നത്. എന്തും കൈപ്പിടിയിലൊതുങ്ങിയിരുന്ന സുവര്‍ണകാലം തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു നടക്കുന്ന സമയത്താണല്ലോ ദേശീയവാദികള്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കിയത്. മുത്തശ്ശിയെപോലെ തോക്കിന്‍ മുനയിലൂടെ വോട്ടിംഗ് പാറ്റേണ്‍ കൊണ്ടുവന്നൊന്നുമല്ല ഭരണത്തിലേറിയത്. ഇന്ത്യക്കാരന്റെ പൊതുവികാരത്തിലെ അസ്വസ്ഥതകളും അപഭ്രംശങ്ങളും ചൂണ്ടിക്കാണിച്ച് അതൊക്കെ ഒഴിവാക്കി പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ആഹ്വാനം ജനകോടികള്‍ നെഞ്ചേറ്റുകയായിരുന്നു.

അങ്ങനെ നെഞ്ചേറ്റിയ ഭരണം സാധാരണ ഇന്ത്യക്കാരന്റെ കൈയ്ക്കും കരളിനും ഉറപ്പുനല്‍കിയപ്പോള്‍ തങ്ങളെ ഇക്കാലമത്രയും വഞ്ചിച്ച രാഷ്ട്രീയ ഭിക്ഷാംദേഹികളെ അവര്‍ തിരിച്ചറിഞ്ഞു. ഒന്നൊന്നായി അഴിമതിയും കെടുകാര്യസ്ഥതയും കെട്ട രീതികളും പുറത്തുവന്നുകൊണ്ടിരുന്നു. പാരമ്പര്യപ്പാര്‍ട്ടിയുടെ അലകും പിടിയും അഴിഞ്ഞുവീഴാന്‍ തുടങ്ങിയപ്പോള്‍ ആകെ പരിഭ്രാന്തിയിലായി കൊച്ചുമോളും ചേട്ടനും മമ്മിയും. പത്തിരുപത് തലമുറയ്ക്ക് ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടാനുള്ള ജംഗമവസ്തുക്കളൊക്കെ ഉണ്ടാക്കിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ നിയമ നീതിന്യായ നടപടികളിലൂടെ വഴിയാധാരമാകുമെന്ന ഭീതിയുണ്ട്. അതൊരു ഒന്നൊന്നര ഭീതിയാണ്. അടുത്തിടെ എല്ലാം ശരിയാകുമെന്ന് ആരൊക്കെയോ കൊച്ചുമോളെയും ചേട്ടനെയും വിശ്വസിപ്പിച്ചിരുന്നെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. അതുമാത്രമോ? പാരമ്പര്യപ്പാര്‍ട്ടിയുടെ അടിത്തറയടക്കം ഇളകിക്കൊണ്ടിരിക്കുകയുമാണ്.

 ഈ ദശാസന്ധിയില്‍ പണ്ട് അര്‍മാദിച്ചുനടന്ന കാലത്തെക്കുറിച്ച് സ്വാഭാവികമായും കൊച്ചുമോള്‍ ആലോചിച്ച് പോകില്ലേ? ഇന്ത്യയുടെ സുവര്‍ണകാലമെന്ന് തങ്കലിപികളില്‍ എഴുതിവെക്കാന്‍ ഒത്താശക്കാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത കാലം. ഹോ, ആലോചിക്കാന്‍ കൂടി വയ്യ. അങ്ങനെയുള്ള ആ കാലം പേര്‍ത്തും പേര്‍ത്തും തികട്ടി വരുമ്പോള്‍ 'ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ' എന്ന് ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതം? ഏതായാലും കൊച്ചുമോളുടെ അറിവിലേക്കായി ചിലകാര്യങ്ങള്‍ നിരത്താം. അപ്പനപ്പൂപ്പന്മാര്‍ കൊണ്ടുവന്ന പല നിയമങ്ങളും ഈ ഇന്ത്യയുടെ ആത്മാവില്‍ കത്തി കുത്തിയിറക്കുന്നതായിരുന്നു. അതില്‍നിന്ന് നിരന്തരം ചോരച്ചാലുകള്‍ ഒഴുകിപ്പരന്നിരുന്നു. അതെല്ലാം അവസാനിപ്പിക്കാന്‍ ധീരമായ നടപടികള്‍ കൈക്കൊള്ളുകയാണ് ഇന്ത്യയുടെ ആത്മാവറിഞ്ഞ ഒരു ഭരണകൂടം. കരിഞ്ചന്തക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും രഹസ്യ അജണ്ടക്കാര്‍ക്കും അതൊന്നും ദഹിക്കില്ലെന്ന് സുവ്യക്തം. അവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. എന്തുചെയ്യാം കൊച്ചുമോളേ, അച്ഛന്റെയും മുത്തശ്ശിയുടെയും രീതിയല്ല ഇപ്പോഴത്തെ സര്‍ക്കാരിനുള്ളത്. പട്ടിണിപ്പാവത്തിന്റെയും അവന്റെ ഗ്രാമത്തിന്റെയും തുടിപ്പറിയുന്ന സര്‍ക്കാരിന് കൊച്ചുമോളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നീങ്ങാനാവില്ല. ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം അടിവെച്ചടിവെച്ചു നീങ്ങുമ്പോള്‍ ജനാധിപത്യം സോഷ്യലിസം തുടങ്ങിയ ഗീര്‍വാണങ്ങളുമായി പരിഹാസ്യയാകാത്തതാണ് നന്ന്. അഥവാ അങ്ങനെതന്നെ തുടരാനാണ് ഭാവമെങ്കില്‍ 'സാര്‍ഥവാഹകസംഘം' മുന്നോട്ടുതന്നെ പോകും, സംശയമില്ല. കുടുംബാധിപത്യത്തിന് അന്ത്യകൂദാശ നടത്താന്‍ അനവധി പേരാണ് അണിനില്‍ക്കുന്നതെന്നുകൂടി സൂചിപ്പിച്ചുകൊണ്ട് ജയ്ഹിന്ദ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.