കോടിയേരി ബാലകൃഷ്ണനെ മാറ്റാന്‍ തീരുമാനം; സിപിഎമ്മിന് പുതിയ സെക്രട്ടറി; മകനെതിരെയുള്ള ആരോപണം നിര്‍ണായകമായി

Wednesday 4 December 2019 9:33 pm IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാറ്റാന്‍ സിപിഎം തീരുമാനം. കോടിയേരി അമേരിക്കയില്‍ ചികിത്സയില്‍ തുടരുന്നതിനാലും മകന്‍ ബിനോയ് കോടിയേരിക്കെതിരെ നിരന്തരം ആരോപണം ഉയരുന്നതിനെ തുടര്‍ന്നുമാണ് സെക്രട്ടറിയെ മാറ്റാന്‍ സിപിഎം തീരുമാനിച്ചത്. കോടിയേരിക്ക് പകരം എംഎ ബേബി, എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആറുമാസത്തേക്കായിരിക്കും പുതിയ താല്‍ക്കാലിക സെക്രട്ടറിയെ തെരഞ്ഞെടുക്കുക. ഇതിന് ശേഷം നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിലായിരിക്കും പുതിയ സെക്രട്ടയിയെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. 

നേരത്തെ, മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചയിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ യുവതി കടുത്ത നിലപാടാണ് സ്വീകരിച്ചത്.

ബിനോയുമായുള്ള ചിത്രങ്ങള്‍ ഇവര്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. മുംബൈ ഓഷിവാര പോലീസ് അന്വേഷിക്കുന്ന കേസ് ഇപ്പോള്‍ കോടതിയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയുടെ ഡിഎന്‍എ ടെസ്റ്റ് അടക്കം എടുത്തിരുന്നു. ഇതിന്റെ റിസള്‍ട്ട് വരാനിരിക്കെയാണ് കോടിയേരി പാര്‍ട്ടി പദവില്‍ നിന്ന് ഒഴിയുന്നത്. മകനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കോടിയേരിക്കെതിരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി പദവി ഒഴിയാന്‍ തയാറായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.