കേരളത്തില്‍ മുസ്ലിം വര്‍ഗീയത വളരുന്നു; നേതൃത്വം നല്‍കുന്നത് ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും; വിശ്വാസികള്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടാകണം; ജനസ്വാധീനം ചോര്‍ന്നുപോയി; പശ്ചാത്തപിച്ച് സിപിഎം

Friday 23 August 2019 5:07 pm IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തില്‍ ആകെ ചര്‍ച്ചയായത് ശബരിമല വിഷയവും പാര്‍ട്ടിയില്‍ നിന്നു ഹിന്ദു മതവിശ്വാസികളുടെ വിട്ടുപോക്കും. ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചതും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാതിരുന്നതുമാണ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നാണു സമിതിയുടെ വിലയിരുത്തല്‍. ഭൂരിപക്ഷ വര്‍ഗീയതയെന്നു നിരന്തരം ആവര്‍ത്തിക്കുന്ന പാര്‍ട്ടി ന്യൂനപക്ഷ വര്‍ഗീതയെ പറ്റി മിണ്ടാത്തത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റത്തിന് ആഹ്വാനം ചെയ്യുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളരുകയാണ്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും കോടിയേരി. ശബരിമല യുവതീപ്രവേശത്തിനു മുന്‍കൈ എടുക്കേണ്ടെന്നാണു സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാല്‍ മതി. ഈ തീരുമാനം രേഖയിലുള്‍പ്പെടുത്തി. ജനങ്ങളോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണമെന്നതും നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികള്‍ക്കൊപ്പമാണെന്നു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം. 

സംഘടനാസംവിധാനത്തെ അടിമുടി ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ആറുദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബരിമലയില്‍ ഒരു തിരുത്തല്‍ വേണമെന്ന പൊതു വികാരമാണ് ഉയര്‍ന്നത്. നിലപാടില്‍ മാറ്റം വരുത്താനാവാത്തതിനാല്‍ യുവതിപ്രവേശത്തിന് മുന്‍കൈ എടുക്കേണ്ടെന്ന് നേതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. 

സിപിഎമ്മിന്റെ ജനസ്വാധീനം ചോര്‍ന്നുപോയി. അതിനാല്‍ ജനങ്ങളുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്തണം. സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ നോക്കണം. നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. പാര്‍ട്ടി അധികാര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കെടുക്കരുത് എന്നു കര്‍ശന നിര്‍ദേശം നല്‍കുമെന്നും കോടിയേരി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.