വിന്‍ഡീസ് പര്യടനം: കോഹ്‌ലി തന്നെ നായകന്‍

Monday 22 July 2019 3:02 am IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ ഏകദിനത്തിനും ടെസ്റ്റ് ടീമിനും വേറെവേറെ ക്യാപ്റ്റന്മാരാവുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ വിരാട് കോഹ്‌ലി തന്നെ നയിക്കും. സൈനിക സേവനത്തിനായി രണ്ടു മാസത്തെ അവധിയെടുത്ത മഹേന്ദ്ര സിങ് ധോണിയെ ടീമിലേക്ക് പരിഗണിച്ചില്ല. എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് വീതം ട്വന്റി 20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയതാണ് വിന്‍ഡീസ് പരമ്പര.

ട്വന്റി 20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ചഹറാണ് ടീമിലെ പുതുമുഖം. ഒരുവര്‍ഷത്തിനുശേഷം നവ്ദീപ് സൈനിയും ടീമില്‍ മടങ്ങിയെത്തി.  നേരത്തെ 2018 ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ സൈനി ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. ഇത്തവണ ഏകദിന, ട്വന്റി 20 ടീമുകളിലാണ് സൈനിയുള്ളത്.

കോഹ്‌ലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഏകദിന, ട്വന്റി20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചെങ്കിലും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കും ദിനേശ് കാര്‍ത്തികിനും മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിലേക്ക് വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി, ഉമേഷ് യാദവ് തുടങ്ങിയ താരങ്ങളും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ് കീപ്പറായാണ് സാഹയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പൃഥ്വി ഷാ, മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് പൃഥ്വിക്ക് തിരിച്ചടിയായത്. ടെസ്റ്റില്‍ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍. ഹനുമ വിഹാരി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

എന്നാല്‍, ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടെസ്റ്റ് ടീമിലിെല്ലങ്കിലും ഏകദിന, ട്വന്റി 20 ടീമുകളില്‍ ഉള്‍പ്പെട്ടു. അതേസമയം വിജയ് ശങ്കര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ഇടം നേടിയില്ല. ധോണി ടീമില്‍ ഇല്ലാത്തതു കാരണം ഋഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടംനേടി. ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയുണ്ട്. 

യുവ ബൗളര്‍മാരായ നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഏകദിന, ട്വന്റി 20 ടീമുകളിലുണ്ട്. ഇന്ത്യ എ ടീമില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വച്ച മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ഏകദിന, ട്വന്റി 20 ടീമുകളില്‍ ഇടം പിടിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ശ്രേയസ് അയ്യര്‍ ടീമിലെത്തുന്നത്.

ട്വന്റി 20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.