ഗ്യാലറിയില്‍ നിന്നും ധോണിക്ക് ജയ് വിളിക്കുന്നത് ഒഴിവാക്കി പന്തിനെ പിന്തുണയ്ക്കണമെന്ന് കോഹ്‌ലി; ഇന്ത്യന്‍ ക്യാപ്റ്റന് മറുപടിയുമായി ബിസിസിഐ അധ്യക്ഷന്‍ ഗാംഗുലി

Saturday 7 December 2019 1:29 pm IST

 

കൊല്‍ക്കത്ത: ഗാലറികളില്‍ നിന്ന് ധോണിക്ക് ജയ് വിളിക്കുന്നത് ഒഴിവാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യത്തിനു മറുപടിയുമായി ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇത്തരം ജയ് വിളികള്‍ നിലവിലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ കളിയാക്കുന്നതിനു തുല്യമാണെന്നായിരുന്നു കോഹ്‌ലി പറഞ്ഞിരുന്നത്. എന്നാല്‍ മോശമായി കളിക്കുന്നയാള്‍ കളിയാക്കലുകളെയും സഹിക്കാന്‍ തയ്യാറാകണമെന്ന് ബിസിസി ഐ പ്രസിഡന്റ് ഗാംഗുലി ഇതിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി മോശം ഫോമില്‍ തുടരുന്ന ഋഷഭ് പന്തിനെ പിന്തുണച്ചതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു മുന്‍ നായകന്‍ കൂടിയായ ഗാംഗുലി. 

പന്തിനിപ്പോള്‍ മികച്ച പിന്തുണയാണ് ആവശ്യമെന്നും ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ കാണികള്‍ ധോണിക്ക് ജയ് വിളിക്കുന്നത് അദ്ദേഹത്തെ കളിയാക്കുന്നതിനു സമമാണെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്. പന്തിന് കുറേക്കൂടി സമയം നല്‍കണമെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബിസിസി ഐ പ്രസിഡന്റിന്റെ പ്രതികരണം. കളിയാക്കലുകളെ ഒരു താരം എന്തിനാണ് ഭയപ്പെടുന്നതെന്ന് ഗാംഗുലി ചോദിക്കുന്നു. കോഹ്‌ലിയുടെ സ്ഥാനത്ത് താനാണെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകട്ടെ എന്നുതന്നെയായിരിക്കും താന്‍ തീരുമാനിക്കുക. ജനമനസ്സില്‍ ധോണി എക്കാലത്തെയും മികച്ചതാരമാണ്. അതുകൊണ്ടാണ് ഗാലറികളില്‍ നിന്നും ആ വിളികള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എല്ലാകാലത്തും ഇന്ത്യയ്ക്ക് എം.എസ്.ധോണിമാരെ കിട്ടിയെന്നുവരില്ല. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ്വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.