പത്തനാപുരത്ത് സിപിഎം- സിപിഐ സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസെടുത്തു, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പോലീസ് നിരീക്ഷണത്തില്‍

Wednesday 21 August 2019 5:08 pm IST

കൊല്ലം : പത്തനാപുരത്ത് സിപിഎം സിപിഐ സംഘര്‍ഷത്തില്‍ 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ചന്തയിലെ ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു, എഐടിയുസി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനിടെ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. ജീപ്പ് തകര്‍ത്തു. സ്വകാര്യ വാഹനങ്ങള്‍ക്കുനേരയും കടകള്‍ക്കുനേരേയും കല്ലെറിഞ്ഞു. തുടര്‍ന്ന് കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുക്കുകയായിരുന്നു. 

പത്തനാപുരത്ത് ഏറെ നാളായി ഇടതുമുന്നണിയില്‍ സിപിഎം സിപിഐ പോര് രൂക്ഷമായിരുന്നു. ഇതിനിടെ സിഐടിയുവില്‍ നിന്ന് കുറച്ച്  തൊഴിലാളികള്‍ എഐടിയുസിയില്‍ ചേര്‍ന്നു. ഇതും സിപിഎമ്മില്‍ രോഷം ഉളവാക്കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.