കൂടത്തായിയിലേക്കുള്ള ദൂരം...

Friday 18 October 2019 2:29 am IST

 

കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ ആഘോഷമാക്കിയതില്‍ പിന്നെ സന്ധ്യാനേരത്തെ ടിവി സീരിയലുകള്‍ക്കുമുന്നിലിരുന്ന് കണ്ണീര്‍വാര്‍ക്കുകയും രോഷം കൊള്ളുകയും ചെയ്തിരുന്നവര്‍ തങ്ങളുടെ ഇരിപ്പിടം വാര്‍ത്താ ചാനലുകള്‍ക്കു മുന്നിലേക്ക് മാറ്റി. കൂടത്തായി കൊലപാതകങ്ങളെക്കുറിച്ചുള്ള  വിവിധങ്ങളും വ്യത്യസ്തവുമായ വാര്‍ത്തകളിലൂടെ വാര്‍ത്താ ചാനലുകള്‍ സീരിയലുകളുടെ റേറ്റിംഗിനേക്കാള്‍ മുന്നിലെത്തിയെന്ന വാര്‍ത്ത കേരളത്തിന്റെ സാമൂഹ്യ മനഃസ്ഥിതിയെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് പറയാതെ വയ്യ. 

സീരിയല്‍ കഥകളെ വെല്ലുന്ന തരത്തിലാണ് വാര്‍ത്താചാനലുകള്‍ കൂടത്തായി കൊലപാതകങ്ങളെക്കുറിച്ചുള്ളവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നതിനു മുമ്പ് പലതും ചാനല്‍ ലേഖകര്‍ സങ്കല്‍പിച്ച് കണ്ടെത്തി. അത് വളരെ ആധികാരിക വിവരങ്ങളായി ജനങ്ങളിലേക്കെത്തിച്ചു. ഒരു ഘട്ടത്തില്‍ ചാനല്‍ വാര്‍ത്തകള്‍ പോലീസ് അന്വേഷണത്തെയും ബാധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങളെ താക്കീത് ചെയ്യേണ്ടിയും വന്നു.  സിനിമയെയും വെല്ലുന്ന തരത്തിലായിരുന്നു ഓരോ റിപ്പോര്‍ട്ടും നല്‍കിയത്. ഒരു പ്രശസ്ത ചാനല്‍ കൊലപാതക പരമ്പര പുനരാവിഷ്‌കരിക്കുക കൂടി ചെയ്തു. ഒരപകടം നടന്നാല്‍ അതെങ്ങനെ സംഭവിച്ചു എന്ന് രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നവര്‍ കൂടത്തായി കൊലപാതകങ്ങള്‍ കഥാപാത്രങ്ങളെ വച്ച് ചീത്രീകരിച്ച് ചാനലില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് കൊടുക്കുന്നതും, കഴിച്ചയാള്‍ പിടഞ്ഞു മരിക്കുന്നതുമെല്ലാം സിനിമയില്‍ കാണുന്നതുപോലെ, അല്ലെങ്കില്‍ സീരിയലില്‍ കാണുന്നതുപോലെ വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടാസ്വദിച്ചു. സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളെ പോലെ കൂടത്തായിയിലെ പ്രതി ജോളി പലരുടെയും മനസ്സില്‍ സ്ഥാനം നേടി. സീരിയലുകളിലെ അമ്മായിഅമ്മയെപോലെ, മരുമകളെ പോലെ, രണ്ടാനമ്മയെ പോലെ...

എല്ലാദിവസവും സന്ധ്യാനേരങ്ങളില്‍ സീരിയലുകള്‍ കാണാന്‍ കാത്തിരുന്നവര്‍ അതു കാണാതെ കൂടത്തായി കൊലപാതകങ്ങളെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും ചേര്‍ത്ത വാര്‍ത്തകള്‍ കാണുവാനാണ് കൂടുതല്‍ താല്പര്യപ്പെട്ടതെന്ന കണ്ടെത്തല്‍ കേരളത്തിന്റെ പൊതുമനസസ്സാക്ഷിക്കുമുന്നില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. ചാനല്‍  റിപ്പോര്‍ട്ടിംഗ് ഏതറ്റംവരെ പോകാം എന്നതാണ് അതില്‍ പ്രധാനം. ചാനലുകളിലെ വാര്‍ത്തകളെ ആശ്രയിച്ചാണ് അടുത്ത ദിവസത്തെ പത്രങ്ങളിലെ വാര്‍ത്തകള്‍ കൂടുതലും വരുന്നത്. 

കൂടത്തായിലുണ്ടായതുപോലെയുള്ള ഒരു കുറ്റകൃത്യത്തെ പ്രാധാന്യത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അത് വസ്തുനിഷ്ഠമായിരിക്കണം. ഒരിക്കലും അന്വേഷണത്തെ സ്വാധീനിക്കുന്നതോ, വഴിതെറ്റിക്കുന്നതോ ആയിരിക്കരുത്. പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതുമാകരുത്. കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ എന്തെങ്കിലും പാളിച്ചയുള്ളതായി ഇതുവരെ ആരും ആരോപിച്ചു കണ്ടില്ല. അത് അതിന്റേതായ  വഴിക്ക് ഭംഗിയായി നടക്കുന്നു.  എന്നാല്‍ ചാനല്‍ വാര്‍ത്തകള്‍ അന്വേഷണത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ടിന് പ്രസ്താവനയിറക്കേണ്ടിവന്നത് കേരളത്തിലെ പത്രപ്രവര്‍ത്തന പാരമ്പര്യത്തിനു തന്നെ അപമാനകരമാണ്. മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് ചാനലുകള്‍ക്ക് വാര്‍ത്തകളില്‍ ഉദ്വേഗം സൃഷ്ടിച്ച് റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. അതിനായി എന്തും ചെയ്യുന്ന തരംതാണ നിലവാരത്തിലേക്ക് വാര്‍ത്താ ചാനലുകള്‍ അധഃപ്പതിക്കുന്ന ദയനീയതയാണ് കൂടത്തായി കൊലപാതക പരമ്പരയിലെ വാര്‍ത്താ അവതരണത്തില്‍ കാണാനായത്.

ഉദ്വേഗജനകത്വം അഥവാ സെന്‍സേഷണലിസം എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് വസ്തുതകളുമായി അകന്നു നില്‍ക്കുമ്പോഴാണ് അപകടകരമാകുന്നത്. സെന്‍സേഷണലായൊരു വാര്‍ത്ത കിട്ടിയാല്‍  അതിനെ ആവുംവിധം പൊലിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സമാനമായ ഒരു വാര്‍ത്ത വരുന്നതുവരെ അതിനെ പൊലിപ്പിച്ചുകൊണ്ടിരിക്കും. അമേരിക്കന്‍ പത്രപ്രവര്‍ത്തനമാണ് സെന്‍സേഷണലിസം പ്രചരിപ്പിച്ച് തുടങ്ങിയത്. ബ്രിട്ടണില്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സ്ഥാപനങ്ങള്‍ സെന്‍സേഷണലിസത്തിന്റെ പുറകെ പോയാണ് പ്രശസ്തമായത്. ഇത് പുരാതനവും സ്വാഭാവികവുമായ മനോരോഗമോ അല്ലെങ്കില്‍ വില്‍പ്പന തന്ത്രമോ ആയാണ് കണക്കാക്കുന്നത്. ചാനലുകള്‍ വന്നപ്പോള്‍ റേറ്റിംഗ് കൂട്ടാനായി സെന്‍സേഷണലായി എന്തും ചെയ്യുമെന്ന അവസ്ഥവന്നു. 

ലോകം മുഴുവന്‍ ഉറ്റുനോക്കിയ, ദേശീയ മാധ്യമങ്ങളെല്ലാം ചര്‍ച്ചചെയ്ത ഇന്ത്യാ-ചൈന ഉച്ചകോടി നമ്മുടെ തൊട്ടയല്‍ സംസ്ഥാനത്ത് നടക്കുമ്പോള്‍, അതിനെക്കുറിച്ചുള്ള വാര്‍ത്ത നാലാമതും അഞ്ചാമതും നല്‍കിയവരാണ് കൂടത്തായി കൊലപാതകത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ ഒന്നാം വാര്‍ത്തയായി ദിവസങ്ങളോളം നല്‍കിയത്.  ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടിയിരുന്ന നിരവധിയായ വാര്‍ത്തകളെ തമസ്‌കരിച്ചാണ് കൂടത്തായി വാര്‍ത്താപരമ്പരയായത്. 'കൂടത്തായി' എന്ന മനോഹരഗ്രാമം ഇന്ന് രക്തക്കറ പുരണ്ട, ഭീകര പ്രദേശമാണ്. ചാനല്‍ വാര്‍ത്തകളിലൂടെ അങ്ങനെയാക്കിയെടുത്തു. 

വലിയൊരു വിഭാഗം ടെലിവിഷന്‍ പ്രേക്ഷകര്‍ ടിവി പരമ്പരകളേക്കാള്‍ കൊലപാതക വാര്‍ത്തകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?. കൊലപാതക വാര്‍ത്തകളും ടിവി പരമ്പരകളും ഒരേ തലത്തില്‍ ആസ്വദിക്കപ്പെടുന്നു എന്നതു തന്നെയാണ് കാരണം. കൂടത്തായി കൊലപാതകങ്ങള്‍ പുറത്തുവന്നു കഴിഞ്ഞപ്പോള്‍ ഫേസ് ബുക്കില്‍ ഒരുസ്ത്രീകുറിച്ചത് ഇവിടെ ചൂണ്ടിക്കാട്ടുന്നത് ഉചിതമായിരിക്കും. അതിങ്ങനെയാണ്-

''ഇന്ന് കേരളമാകെ ചര്‍ച്ച ചെയ്യുന്നത് കുടുംബാംഗങ്ങളെ എല്ലാം വിഷം കൊടുത്ത് കൊന്ന ജോളിയെ കുറിച്ചാണ്. നിങ്ങള്‍ക്കൊരു സത്യമറിയാമോ, നിങ്ങളുടെ കുടുംബത്തിലും ഒരു ജോളി വളര്‍ന്നു വരുന്നുണ്ടെന്ന്. എല്ലാ ദിവസവും വൈകുന്നേരം ടിവി സീരിയല്‍ കാണുന്ന എല്ലാ സ്ത്രീകളിലും ഒരു ജോളി ജനിക്കുന്നു. നിരന്തരമായി പകയുടെയും വെറുപ്പിന്റെയും ചതിയുടെയും രീതികളും കഥകളും, കൊലപാതകങ്ങളുടെ നടത്തിപ്പിനുള്ള പല വഴികളും ദിവസവും ജനങ്ങളെ ഈ സീരിയലുകള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു സമൂഹത്തിനെ മുഴുവന്‍ നശിപ്പിക്കുവാന്‍ ഈ സീരിയലുകള്‍ക്ക് കഴിയും, കൊലയാളികളെ സൃഷ്ടിക്കുവാനും. ഇവിടെ ഒരു ഭരണ സംവിധാനമുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഇത്തരം നെഗറ്റീവ് മെസ്സേജുകള്‍ കൊടുത്ത് സമൂഹത്തിനെ ഒന്നാകെ നശിപ്പിക്കുന്ന സീരിയലുകള്‍ നിരോധിക്കുതന്നെ വേണം. പകരം നന്‍മയുടെയും സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകള്‍ കൊടുത്ത് ഒരു നല്ല സമൂഹത്തിനെ സൃഷ്ടിക്കുക...''

പ്രേക്ഷകര്‍ നിരന്തരം സീരിയലുകളില്‍ കണ്ടത്, കൂടത്തായിയില്‍ ജോളിയെന്ന സ്ത്രീ പ്രാവര്‍ത്തികമാക്കിയപ്പോഴാണ് കൊലപാതക  വാര്‍ത്തകള്‍ കാണാന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ താല്പര്യപ്പെട്ടത്. ടിവി സീരിയലുകള്‍ കണ്ട് കേരളത്തിലെ സ്ത്രീജനങ്ങളുടെ മനോനിലയ്ക്ക് ചെറുതല്ലാത്ത തകരാറുസംഭവിക്കുന്നുണ്ടെന്ന്  ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതപ്പടി തള്ളിക്കളയാനാകില്ല. 2016ല്‍ തിരുവനന്തപുരം നഗരത്തിലെ കുമാരപുരം എന്ന സ്ഥലത്ത് പൊതുജനം ലെയ്‌നിലെ താമസക്കാരെടുത്ത തീരുമാനം കേരളത്തിനാകെ മാതൃകയാക്കാവുന്നതായിരുന്നു. സന്ധ്യാനേരത്ത് ടെലിവിഷനില്‍ സീരിയലുകള്‍ മാത്രം കണ്ടുകൊണ്ടിരുന്ന അവര്‍ സീരിയലുകളോട് വിടപറഞ്ഞു. വൈകിട്ട് 6 മുതല്‍ രാത്രി 10.30വരെ പലതരത്തിലുള്ള സീരിയലുകള്‍ സ്ഥിരമായി കണ്ടിരുന്ന ആ നേരത്ത് പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി. പൊതുജനം ലെയ്‌നിലെ റെസിഡന്റ്‌സ് അസോസിയേഷന്‍ എടുത്ത ഈ തീരുമാനത്തെ അവിടുത്തെ എല്ലാ ജനങ്ങളും അംഗീകരിക്കുകയായിരുന്നു. വിജയകരമായി നടപ്പിലാക്കിയ സീരിയല്‍ നിരാകരണത്തിലൂടെ പൊതുജനം ലൈനിലെ വീടുകളില്‍ വൈകുന്നേരങ്ങള്‍ കുടുംബാന്തരീക്ഷത്തിന്റെതായി മാറി. സീരിയലുകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ അതായിരുന്നില്ല അവസ്ഥ എന്ന് അന്നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. 

സീരിയലുകള്‍ വീട്ടമ്മമാരിലും കുട്ടികളിലും ഉണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ വളരെ വലുതാണെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ പറയുന്നത്. സിനിമകളില്‍ വില്ലത്തരം ചെയ്യുന്നത് ആണ്‍ കഥാപാത്രങ്ങളാണെങ്കില്‍ സീരിയലുകളില്‍ ആ വേഷം സ്ത്രീകളേറ്റെടുത്തിരിക്കുകയാണ്. കാമുകനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെയും കുട്ടിയെയും ക്രൂരമായി വകവരുത്തുന്ന സ്ത്രീ ഇപ്പോള്‍ മിക്ക സീരിയലുകളിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടത്തായി ഇതില്‍ അവസാനത്തേതാകില്ല. വിവാഹേതര ബന്ധങ്ങളും ജാരസന്തതികളും സര്‍വസാധാരണമാണെന്നും അതില്‍ ധാര്‍മികതയുടെയോ മാന്യതയുടെയോ വിലക്കുകള്‍ പഴഞ്ചനാണെന്നുമുള്ള സന്ദേശമാണ് ഇപ്പോള്‍ ഒട്ടുമിക്ക സീരിയലുകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സീരിയലുകളില്‍ നിന്ന് കൂടത്തായിയിലേക്കുള്ള ദൂരം തീരെ  കുറവാണെന്നത് മറക്കാതിരിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.