കോട്ടയത്ത് സിപിഎമ്മില്‍ കൂട്ടയടി;അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വാസവന്‍ പിടിമുറുക്കി; അനില്‍കുമാറിന് പകരം രഘുനാഥന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

Saturday 20 July 2019 9:32 pm IST

കോട്ടയം: അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി  സിപിഎമ്മിനുളളില്‍ അസ്വസ്ഥത പുകയുന്നു.  ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ അപ്രമാദിത്യം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രകടമാണ്.നിലവിലെ പ്രസിഡന്റ് കെ.അനില്‍കുമാറിനെ ഒഴിവാക്കി പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് വാസവന്റെ വിശ്വസ്തന്‍ ടി.ആര്‍.രഘുനാഥനാണ് മത്സരിക്കുന്നത് . ടി.ആര്‍.രഘുനാഥന്‍ സിഐടിയു ജില്ലാ സെക്രട്ടകൂടിയാണ്.

പന്ത്രണ്ട് വര്‍ഷമായി കെ.അനില്‍കുമാറാണ് അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റ്.  അദ്ദേഹത്തിന്റെ അച്ഛന്‍ ആര്‍.കെ.മേനോന്‍ വര്‍ഷങ്ങളോളം ബാങ്ക് പ്രസിഡന്റായിരുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. സിപിഎമ്മിന്റെ കുത്തക ഭരണമുള്ള അര്‍ബന്‍ ബാങ്കില്‍ വാസവന്‍ ഗ്രൂപ്പിന് അത്ര സ്വാധീനമില്ല. മാത്രമല്ല അനില്‍കുമാറും വാസവനും തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട് നാളുകളായി. അനില്‍കുമാറിന്റെ ഫോണ്‍ വാസവന്‍ ചോര്‍ത്തിയത് വലിയ വിവാദമായിരുന്നു.

പാര്‍ട്ടിവേദികളില്‍ തഴയപ്പെട്ട അനില്‍കുമാര്‍ മീനച്ചിലാര്‍-മീനന്തറയാര്‍ നദീസംയോജന പദ്ധിയിലൂടെ സജീവമായി. ഇത് വാസവന് അസ്വസ്ഥതയുണ്ടാക്കി. അനില്‍കുമാറിനോടൊപ്പം സഹകരിച്ച സിപിഎം സഹയാത്രികനായ ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനോട് വാസവന്‍ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തതും വിവാദമായിരുന്നു. അനില്‍കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും വാസവന്‍ തന്റെ വിശ്വസ്തരെ ചുമതലപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റിനായ വാസവന്‍ ചരടുവലി നടത്തിയെങ്കിലും വാസവന്‍ വിരുദ്ധരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സീറ്റ് കിട്ടിയില്ല. കോട്ടയം ലോക്സഭ സീറ്റില്‍ വളരെ തന്ത്രപൂര്‍വ്വം വാസവന്റെ പേര് മാത്രം നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലയില്‍ കുറെനാളായി സിപിഎമ്മില്‍ നീറിപ്പുകയുന്ന വിഭാഗീയത ശക്തമാകാനാണ് സാദ്ധ്യത. ഉന്നതരായ സിപിഎം നേതാക്കളുമായുള്ള വ്യക്തിബന്ധമാണ് അനില്‍കുമാറിന് തുണയാകുന്നത്. വാസവനാണോ അനില്‍കുമാറാണോ ജനകീയനെന്ന മത്സരമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.