കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Wednesday 2 May 2018 12:32 pm IST

കോട്ടയം: കുറ്റാന്വേഷണ, അപസര്‍പ്പക നോവലുകളിലൂടെ വായനയെ ജനകീയമാക്കിയ പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ കോട്ടയം മള്ളുശ്ശേരിയിലുള്ള ചെറുവള്ളിയില്‍ വീട്ടിലായിരുന്നു അന്ത്യം. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ മകന്‍ സലീം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ മരണം. 

 മൂന്നൂറിലേറെ നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള കുറ്റാന്വേഷണ നോവലുകള്‍ ഒരു കാലത്ത് വായനയുടെ വസന്തം തീര്‍ക്കുകയും യുവാക്കളെ ഹരം കൊള്ളിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം ഒരു സമയത്ത് പുഷ്പനാഥിന്റെ നോവലുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. 

കോട്ടയം എംടി സെമിനാരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ടിടിസിക്ക് ശേഷം കേരള സര്‍വ്വകലാശാലയില്‍നിന്ന് ബിരുദമെടുത്തു. നാട്ടകം, ആര്‍പ്പൂക്കര, കാരാപ്പുഴ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപകനായിരുന്നു. 1967-ല്‍ അദ്ധ്യാപകനായിരിക്കെ മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യന്‍ എന്ന നോവലാണ് പുഷ്പനാഥിനെ ജനകീയനാക്കിയത്. ജോലിയില്‍നിന്ന് സ്വയം വിരമിച്ചതിന് ശേഷമാണ് എഴുത്തിന്റെ ലോകത്ത് കൂടുതല്‍ വ്യാപൃതനായത്. ഡ്രാക്കുളക്കോട്ട, ഡ്രാക്കുളയുടെ അങ്കി, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ദേവയക്ഷി, മന്ത്രമോഹിനി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലുകളാണ്. 

കോട്ടയം പുഷ്പനാഥിന്റെ നോവലുകള്‍ തമിഴ് ഉള്‍പ്പെടെ ഇതര ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ പിന്നീട് സിനിമയായി. മറിയാമ്മ പുഷ്പനാഥാണ് ഭാര്യ. സലീമിനെ കൂടാതെ സിനു, ജമീല പുഷ്പനാഥ് എന്നിവരാണ് മറ്റ് മക്കള്‍. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് ചാലുകുന്ന് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.