കേരളത്തില്‍ കമ്യൂണിറ്റ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം; യുഎപിഎ കേസില്‍ ജയിലിലുള്ളവര്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎമ്മാണെന്നും കെ.പി.എ. മജീദ്
തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളും കമ്യൂണിറ്റ് ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷവും സിപിഎമ്മുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. എന്‍ഡിഎഫിന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന സിപിഎം ഇപ്പോള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നഗര മാവോയിസ്റ്റുകള്‍ സിപിഎം പ്രവര്‍ത്തകരാണ്. ജയിലില്‍ കഴിയുന്ന യുവാക്കള്‍ക്ക് വേണ്ട നിയമസഹായം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും നോക്കുന്നത് സിപിഎം തന്നെയാണ്. ഇതിനും അപ്പുറം എല്‍ഡിഎഫിനെതിരെ എന്ത് തെളിവാണ് വേണ്ടത്.
മലപ്പുറത്ത് പറപ്പൂല്‍ പഞ്ചായത്തില്‍ സിപിഎമ്മും എസ്ഡിപിഐയും കൈകോര്‍ത്താണ് ഭരണം നടത്തുന്നത്. കേരളത്തില്‍ നാല് പഞ്ചായത്തുകളില്‍ ഇവര്‍ ഒന്നിച്ച് മത്സരിച്ചിട്ടുണ്ടെന്നും മജീദ് പറഞ്ഞു. ജാള്യതയും പരാജയവും മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ് സിപിഎം മുസ്ലിം സമുദായത്തിനെതിരെ കുറ്റം ആരോപിക്കുന്നത്.
നേതാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം ഉടലെടുത്തിട്ടുണ്ട്. യുഎപിഎ പിന്‍വലിക്കണമെന്ന് ഇവരുടെ കേന്ദ്ര നേതൃത്വം പറയുമ്പോള്‍ തെറ്റ്തിരുത്തി വന്നാല്‍ പരിശോധിക്കാമെന്നാണ് കേരളത്തിലെ നേതാക്കള്‍ പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഈ കേരളത്തിലെ ഇടതുപക്ഷം ഇത്തരത്തില്‍ ഇരട്ടത്താപ്പ് സ്വീകരിച്ചിരിക്കുന്നതെന്നും മജീദ് കുറ്റപ്പെടുത്തി.