കെ.എസ്.ഇ.ബി ദുരിതാശ്വാസ ഫണ്ട് മുക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വീഴ്ചകള്‍

Monday 19 August 2019 3:53 pm IST

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ വൈകിയത് പിണറായിയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്.  ലൈന്‍മാന്‍  മുതല്‍ ചീഫ് എന്‍ജിനീറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെടുന്ന ജീവനക്കാര്‍ വരെ സാലറി ചലഞ്ചില്‍ പങ്കെടുത്തത് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്. പക്ഷേ പിരിഞ്ഞുകിട്ടിയതില്‍ 136.46 കോടിരൂപ സിഎംഡിആര്‍എഫില്‍ എത്താന്‍ വൈകിയത് മുഖ്യമന്ത്രിയും അറിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

കെ.എസ്.ഇ.ബിയ്ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  541.79 കോടിരൂപയാണ്  വൈദ്യുതി നിരക്ക് കുടിശിഖ വരുത്തിയിരിക്കുന്നത്. ഇതു ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പിരിച്ചെടുത്ത പ്രളയ ദുരിതാശ്വാസ ഫണ്ട് കെഎസ്ഇബി സര്‍ക്കാരിന്  കൈമാറാത്തതിനെ തുടര്‍ന്നാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.  സാലറി ചലഞ്ചിന്റെ ഭാഗമായി പിരിച്ച 136 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത്. കൈമാറിയത് 10 കോടി മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഫണ്ട് സര്‍ക്കാരിന് നല്‍കാത്തതെന്ന് കെഎസ്ഇബി തുറന്നു സമ്മതിച്ചിട്ടുണ്ട്. 

 ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ പത്ത് മാസം കൊണ്ട് തുക പിരിക്കാനായിരുന്നു തീരുമാനം. ഈ രീതിയില്‍ കെഎസ്ഇബി ജീവനക്കാരില്‍ നിന്നും ജൂലൈ വരെ 136 കോടി രൂപ പിരിച്ചെടുത്തു. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഓരോ മാസവും പിരിച്ചെടുക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിയമം.  പണം സംഭരിച്ച് വച്ചതോടെ ഈ നിയമം കെഎസ്ഇബി ലംഘിച്ചുവെന്നാണ് ആരോപണം. എന്നാല്‍ പത്ത് മാസം കൊണ്ടുപിരിച്ചെടുക്കുന്ന തുക ഒരുമിച്ച് നല്‍കാനാണ് തീരുമാനിച്ചതെന്നും അതുകൊണ്ടാണ് മാസം തോറും തുക നല്‍കാതിരുന്നതെന്നുമാണ് കെ.എസ്.ഇ.ബി  ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ്പിള്ള പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.