ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലമുണ്ഡനം ചെയ്തു; ഭരണപക്ഷയൂണിയനുകള്‍ പന്തലുകെട്ടി നടത്തുന്ന സമരം പ്രഹസനമെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍

Friday 13 December 2019 3:58 pm IST

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തു. കെഎസ്ആര്‍ടിസി വെല്‍ഫെയര്‍ അസോസിയേഷന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടാത്തതിനാല്‍ നിത്യവൃത്തിചിലവിനുപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനശ്ചിതകാല സമരമിരിക്കുമ്പോഴാണു യൂണിയനുകളിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫീസിനു മുന്നില്‍ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചത്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഭരണപക്ഷ യൂണിയനുകള്‍ നടത്തുന്ന സമരം കപടവും ആത്മാര്‍ഥതയില്ലാത്തതാണെന്നും വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.വി. ഹരിദാസ് പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇടപെടാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഇത്തരത്തില്‍ സമരം ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.  ടോമിന്‍ തങ്കച്ചരിയെ എംഡി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ഒറ്റക്കെട്ടായി സമരം ചെയ്ത തൊഴിലാളി യൂണിയനുകള്‍ ശമ്പളക്കാര്യത്തില്‍ പല പന്തല്‍ കെട്ടി സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് സമരക്കാര്‍ ആരോപിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.വി. ഹരിദാസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 

സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) നടത്തുന്ന സമരം ഇന്നു പന്ത്രണ്ടാം ദിവസത്തിലേക്കു കടക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) സമരം എട്ടാം ദിവസത്തിലേക്കും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)സമരം നാലാം ദിവസത്തിലേക്കും കടക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.