കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ശമ്പളത്തില്‍ കോര്‍പറേഷന്‍ കൈയിട്ടുവാരി; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

Monday 20 January 2020 4:53 pm IST

പത്തനംതിട്ട: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പ്രൊഫിഡന്റ് ഫണ്ടിനായുള്ള തുക  അടയ്ക്കാത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണവും ഗവര്‍ണറുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍. വര്‍ഷങ്ങളായി തങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് തുക അടക്കുന്നില്ല എന്ന് കെഎസ്ആര്‍ടിസി വെളിപ്പെടുത്തിയിരുന്നു.   

പ്രൊവിഡന്റ് ഫണ്ട്  കോര്‍പ്പറേഷന്‍  അടയ്ക്കാത്തതിനാല്‍ പിഎഫ് ലോണ്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. പ്രൊവിഡന്റ് ഫണ്ടിലേക്ക് അടക്കാനുള്ള തുക വകമാറ്റുന്നത് വര്‍ക്കിംങ് ഫണ്ടിലേക്കാണ്. പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഈ ഫണ്ടില്‍ നിന്നായതിനാല്‍ തൊഴിലാളികളോ സംഘടനകളോ ഇതിനെതിരെ അധികം പ്രതികരിക്കാറില്ല.  പിഎഫ് തുക അടയ്ക്കാത്തതില്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. 

പിഎഫ് തുകയുടെ അതേ അവസ്ഥ തന്നെയാണ് പങ്കാളിത്ത പെന്‍ഷന്‍ അടക്കുന്ന കാര്യത്തിലും. 2013 നിലവില്‍ വന്ന പങ്കാളിത്ത പെന്‍ഷന്‍ ഇനത്തില്‍ കഴിഞ്ഞ 38 മാസമായി 59 കോടി രൂപയാണ് ബോര്‍ഡ് തൊഴിലാളികളില്‍ നിന്നും പിടിച്ചത്. അത്ര തന്നെ തുക സര്‍ക്കാരും നല്‍കണമെന്ന് വ്യവസ്ഥ നില്‍ക്കെ ബോര്‍ഡ് പണം അടയ്ക്കാത്തതിനാല്‍ സര്‍ക്കാരും തുക അടച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടെ നിലമെച്ചപ്പെടുമ്പോള്‍ കുടിശ്ശികള്‍ തിരിച്ചടക്കും എന്നാതാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ലഭിക്കുന്നത്. മംഗളമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.