ഷാഫി പറമ്പില്‍ എംഎല്‍എയെ പിന്നില്‍ നിന്ന് അടിച്ചു തലപൊട്ടിച്ചു; തറയില്‍ വീണ കെഎസ്‌യു പ്രസിഡന്റിനെ വളഞ്ഞിട്ട് തല്ലിച്ചതച്ചു; തലസ്ഥാനത്ത് പിണറായി പോലീസിന്റെ കാടത്തം

Tuesday 19 November 2019 4:33 pm IST

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നടന്ന നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എം‌എൽ‌എയ്ക്ക് പോലീസിന്റെ മർദ്ദനം. ലാത്തിചാർജിനിടെ പോലീസ് എം‌എൽ‌എയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എം‌എൽ‌എയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം എ.ആർ ക്യാമ്പിലേക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. 

കെ‌എസ്‌യു പ്രവർത്തകർ എ‌ആർ ക്യാമ്പിൽ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് പോലീസ് ഷാഫിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പോലീസ് മർദ്ദനത്തിൽ കെ‌എസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും ഗുരുതരമായി പരിക്കേറ്റു. അടികൊണ്ട് നിലത്ത് വീണ അഭിജിത്തിനെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിന് പിന്നാലെയാണ് ലാത്തിചാർജ് നടന്നത്. 

ഒരു പ്രകോപനവുമില്ലാതെ തല അടിച്ചുപൊട്ടിച്ച് രംഗം വഷളാക്കാൻ പോലീസ് ശ്രമിക്കുകയായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയിൽ നിന്നും വന്നത്. സംഘർഷത്തിലേക്ക് പോകരുതെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും എം‌എൽ‌എ വ്യക്തമാക്കി. 

ഷാഫി പറമ്പിലിനെ മർദ്ദിച്ചതിനെതിരെ നിയമസഭയിലും പ്രതിഷേധത്തിനിടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. എം‌എൽ‌എയ്ക്ക് പരുക്കേറ്റ സംഭവം പരിശോധിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലൻ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.