മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലിലാണ് സര്‍വ്വകാലാശാലകള്‍ നിയമ വിരുദ്ധമായി അദാലത്തുകള്‍ സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്

Thursday 12 December 2019 11:22 am IST

കോട്ടയം: സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഇടപെടലുകള്‍ നടത്തിയതായി കൂടുതല്‍ തെളിവ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ ഒപ്പിട്ട് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ പ്രത്യേകമായി അദാലത്ത് സംഘടിപ്പിച്ചതെന്ന് കണ്ടെത്താന്‍ ആയിട്ടുണ്ട്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അതേസമയം മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍വ്വകലാശാല അധികൃതര്‍ നേരിട്ട് എടുത്തതാണെന്നാണ് കെ.ടി. ജലീലിന്റെ വാദം. ഇത് തെറ്റെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കുറിപ്പ് നല്‍കിയത്. ഇതില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുറിപ്പെന്നും ഈ റിപ്പോര്‍ട്ടിന്റെ ആദ്യം തന്നെ പറയുന്നുണ്ട്. 

ഇത് കൂടാതെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്റെ  കുറിപ്പില്‍ പറയുന്നു. മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിക്കാം എന്നതല്ലാതെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും നേരിട്ട് ഉത്തരവോ കുറിപ്പോ ഇറക്കാന്‍ പാടില്ല എന്നാണ് നിയമം. ഷറഫുദ്ദീനാണ് എംജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ പങ്കെടുത്തതും ബിടെകിന് എല്ലാ ചട്ടങ്ങളും മറികടന്ന് മാര്‍ക്ക് കൂട്ടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

ചട്ടങ്ങള്‍ മറികടന്ന് ഉത്തരവിറക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തയ്യാറാത്തതിനെ തുടര്‍ന്നാണ്  മന്ത്രി നേരിട്ട് ഉത്തരവിറക്കിയതെന്നും ആരോപണമുണ്ട്. എന്നാല്‍ ഷറഫുദ്ദീന്റെ കുറിപ്പില്‍ ഒരു മാറ്റവും വരുത്താതെ രണ്ട് ദിവസം കഴിഞ്ഞ് ഫെബ്രുവരി നാലിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത് ഉത്തരവായി ഇറക്കിയത് മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടേയും സമ്മര്‍ദ്ദം കൊണ്ടാണെന്നും സൂചനയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.