മന്ത്രി കെ.ടി. ജലീലിന്റെ ഇടപെട്ടു; പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ കള്ളത്തരത്തിലൂടെ ജയിപ്പിച്ചു; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍; മാനുഷിക പരിഗണനയാണ് നല്‍കിയതെന്ന് മന്ത്രിയുടെ ന്യായീകരണം

Saturday 21 September 2019 12:26 pm IST

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍  മന്ത്രി കെ.ടി. ജലീലിന്റെ നിയമ വിരുദ്ധ ഇടപെടല്‍. ഗവര്‍ണര്‍ക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിടെക് വിദ്യാര്‍ത്ഥിയെ അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ആശ്യപ്പെട്ടതായാണ് ആരോപണം. ഇതിന്റെ രേഖകള്‍ സഹിതമാണ് യൂണിവേഴ്‌സിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉത്തരക്കടലാസും അദാലത്തിലെ മിനിട്‌സും പരാതിക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. 

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടുവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക്.

വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി. ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. പിന്നീട് 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 32മാര്‍ക്ക് 48 ആയി കൂടി. ഇതോടെ ശ്രീഹരി പരീക്ഷയില്‍ വിജയിച്ചു. 

അതേസമയം മാനുഷിക പരിഗണന കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് കെ.ടി. ജലീല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മറ്റെല്ലാം വിഷയങ്ങളിലും ഈ വിദ്യാര്‍ത്ഥിക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതും പരിഗണിച്ചാണ് നിര്‍ദ്ദേശിച്ചത്. കൂടാതെ ആദ്യം മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അഞ്ച് മാസമായിട്ടും സര്‍വ്വകലാശാലയില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.