കുടിവെള്ളം മുട്ടിച്ച് ഉപരോധം, ഊരുവിലക്ക്...

Wednesday 5 February 2020 6:22 am IST

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അനുകൂലിച്ചതിന് ദളിത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുക!. പ്രശ്‌നം പരിഹരിക്കാന്‍ കോളനിയില്‍ കുടിവെള്ളം വിതരണം ചെയ്ത സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുക! ജീവജലം മുടക്കിയ മതമൗലികവാദികള്‍ക്കും കേസെടുത്ത സര്‍ക്കാരിനും പിന്തുണയുമായി രംഗത്തു വരുന്ന മാധ്യമങ്ങള്‍.  കോളനിവാസികള്‍ക്കെതിരെ അവര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍!. ഈ വെള്ളരിക്കാപ്പട്ടണത്തിന്റെ പേരാണ് കേരളം. ഇതിനൊക്കെ മുന്‍പിലും പതറാതെ നിന്ന കോളനി വാസികള്‍ക്കു പറയാന്‍ ഏറെ അനുഭവ കഥകളുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂരാണ് ഇസ്ലാമിസ്റ്റുകളുടെയും ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ഭീകരതയെ നെഞ്ചുറപ്പോടെ നേരിട്ട ആ ദളിത് കോളനി.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് സത്യാവസ്ഥ തേടി പൈങ്കണ്ണൂര്‍ തെക്കുംമുറി ചെറുകുന്ന് പട്ടികജാതി കോളനിയിലെത്തിയത്. ഇരുപത്തഞ്ചോളം കുടുംബങ്ങളുള്ള പ്രദേശം കേരളത്തിലെ കോളനികളുടെ പൊതുവായ ദാരിദ്രവും പിന്നാക്കാവസ്ഥയും വിളിച്ചുപറയുന്നതായിരുന്നു. കുടിവെള്ളം വിവാദ വിഷയമായ കോളനിയില്‍ അനാഥമായിക്കിടക്കുന്ന രണ്ട് പൈപ്പുകള്‍ ആദ്യമേ ശ്രദ്ധയില്‍പ്പെട്ടു. കോളനിക്ക് പുറത്ത് സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഏതാനും പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചിരുന്നു. കെ.സുരേന്ദ്രന്റെ സന്ദര്‍ശനം അവരെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പ്രതികരണം സൂചിപ്പിച്ചു. ''ഇവിടെ ഈ പറയുന്ന പ്രശ്‌നമൊന്നുമില്ല. കുറച്ച് പേര്‍ ആളാകാന്‍ വേണ്ടി കളിക്കുന്നതാണ്. ഈ ബിജെപിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വേറെ പണിയില്ലേ?''. അതിലൊരാള്‍ വിളിച്ചുപറഞ്ഞു.

ഇടത്-ഇസ്ലാമിസ്റ്റ് സംഘത്തെ അവഗണിച്ച് കോളനിയില്‍ പ്രവേശിച്ചു. രാജിയെന്ന വീട്ടമ്മയാണ്  സംഭവം വിവരിച്ചത്. ''ഇവിടെ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത പ്രശ്‌നമുണ്ട്. അടുത്തുള്ള സൈനുദ്ദീന്‍ എന്നൊരാളുടെ വീട്ടില്‍ നിന്നാണ് വെള്ളമെടുത്തിരുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ജനുവരി 11ന് വളാഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ എന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുത്തിരുന്നു. ഇവരുടെ ഫോട്ടോ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്നും വെള്ളം നല്‍കരുതെന്ന് ഭര്‍ത്താവിനോട് പലയാളുകളും ആവശ്യപ്പെടുന്നുണ്ടെന്നും 17ന് സൈനുദ്ദീന്റെ ഭാര്യ പറഞ്ഞു. നിങ്ങള്‍ മൂന്ന് വീടുകളിലുള്ളവര്‍ നാളെ മുതല്‍ ഇവിടെ നിന്ന് വെള്ളം എടുക്കരുതെന്നും ആവശ്യപ്പെട്ടു''. രാജി തുറന്നുപറഞ്ഞു. എന്റെ ഭര്‍ത്താവ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലാത്തതിനാല്‍ വെള്ളമെടുത്തോളാന്‍ പറഞ്ഞതായി അഖിലയും വ്യക്തമാക്കി.

സഹായത്തിന് സേവാഭാരതി

കുടിവെള്ളം മുടങ്ങിയതോടെ കോളനിക്കാര്‍ അനുഭവിച്ച ദുരിതം ജന്മഭൂമി വാര്‍ത്തയിലൂടെ അറിഞ്ഞ സേവാഭാരതി സഹായവുമായി രംഗത്തു വന്നു. ബദല്‍ സംവിധാനമൊരുക്കിയ അവര്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് യഥേഷ്ടം വെള്ളം വിതരണം ചെയ്തു. ഇതും വാര്‍ത്തയായതോടെ ഇടത്, ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങള്‍ ഉണര്‍ന്നു. നാണക്കേട് മറയ്ക്കാന്‍ വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം ആരംഭിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വെള്ളം നിഷേധിക്കാന്‍ കാരണമെന്നായിരുന്നു ആദ്യത്തെ പ്രചാരണം. ആവശ്യത്തിന് വെള്ളമില്ലാത്തതിനാലാണ് സൈനുദ്ദീന്‍ ഇങ്ങനെ പറഞ്ഞതെന്ന വാദവും ഉയര്‍ത്തി. കുടിവെള്ളം നിഷേധിക്കപ്പെട്ടുവെന്നത് സംഘപരിവാര്‍ പ്രചാരണമെന്നാരോപിച്ച് 24 ന്യൂസ്, ന്യൂസ് 18 എന്നിവര്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഇല്ലാത്ത സംഭവത്തില്‍ പ്രചാരണം നടത്തി മതസ്പര്‍ദ്ധ വളര്‍ത്തിയെന്നാരോപിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ക്കും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത ബിജെപി എംപി ശോഭാ കരന്തലജെക്കുമെതിരെ സര്‍ക്കാര്‍ കേസെടുത്തു.

ജില്ലാ ഭരണകൂടവും പഞ്ചായത്ത് അധികതരും കുതിച്ചെത്തി. കോളനിയിലെ കുടിവെള്ള ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു. പൊടുന്നനെ എല്ലാവരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി. സാമൂഹ്യ ബഹിഷ്‌കരണമെന്ന മലപ്പുറത്തെ മാര്‍ക്‌സിസ്റ്റ്-മൗദൂദി ഫത്വ ,കുടിവെള്ള പ്രശ്‌നം മാത്രമായി ചുരുങ്ങി. യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ചുവെച്ച് സര്‍വ്വകക്ഷിയോഗം സഹിഷ്ണുതയും സമാധാനവും സഹവര്‍ത്തിത്വവും ആഹ്വാനം ചെയ്ത് പിരിഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പരസ്യമായും രഹസ്യമായും ജില്ലയിലുടനീളം നടക്കുന്ന ബഹിഷ്‌കരണങ്ങള്‍ ചര്‍ച്ചക്ക് വിധേയമാകുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതിരുന്ന കോളനിവാസികള്‍ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം സമര്‍പ്പിച്ച പരാതിയില്‍ സിഎഎയെ പിന്തുണച്ചതിനാല്‍ കുടിവെള്ളം നിഷേധിക്കപ്പെട്ടുവെന്ന് വ്യക്തമായി എഴുതി നല്‍കി. കളക്ട്രേറ്റില്‍ കാത്തിരുന്ന മാധ്യമങ്ങളോട് ഞങ്ങള്‍ പറയുന്നതൊന്നുമല്ലല്ലോ നിങ്ങള്‍ വാര്‍ത്തയാക്കുന്നതെന്ന് മുഖത്തുനോക്കി ചോദിക്കാനും അവര്‍ മറന്നില്ല.

''പരാതി നല്‍കിയ ഞങ്ങളെ കുറ്റക്കാരാക്കുകയാണിപ്പോള്‍. ഇവിടുത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നുണ പ്രചരിപ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. വെള്ളം തരുന്നവര്‍ക്കെതിരെ ഞങ്ങളെന്തിനാണ് നുണ പറയുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് നേട്ടം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് പകരം മാധ്യമങ്ങളും ഞങ്ങളെ കുറ്റക്കാരാക്കുകയാണ്. 24 ന്യൂസ്, ന്യൂസ് 18  എന്നിവര്‍ വന്നപ്പോള്‍ എല്ലാക്കാര്യവും പറഞ്ഞതാണ്. എന്നാല്‍ അതൊന്നും നല്‍കാതെ മറ്റൊരു വാര്‍ഡിലെ ലീഗിന്റെ പഞ്ചായത്തംഗത്തിന്റെ ഞങ്ങള്‍ക്കെതിരായ പ്രതികരണം നല്‍കി''. രാജി രോഷത്തോടെ പറഞ്ഞു. വെള്ളം നിഷേധിക്കാനുള്ള കാരണം വീട്ടുകാരല്ല. അവരില്‍ സമ്മര്‍ദ്ദമുണ്ടാക്കി ചെയ്യിച്ചതാണ്. അതാരെന്ന് കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യ   ''ഞമ്മളെ പൈസ കൊണ്ട് ഓല് ജീവിക്കണ്ട'' ''എടക്കരയില്‍ ഇന്ന് നമ്മളോട് സഹകരിക്കാത്ത മൂന്ന് കടകള്‍ ഓര്‍ത്തുവെയ്ക്ക് എല്ലാരും. (കടകളുടെ പേര് പറയുന്നു). ഈ മൂന്ന് കടകള്‍ ഞമ്മളെ ആള്‍ക്കാര് ബഹിഷ്‌കരിക്കുക. ഞമ്മളെ പൈസ കൊണ്ട് ഓല് ജീവിക്കണ്ട. അവിടുന്ന് ഒര് സാധനം വാങ്ങാനോ കൊടുക്കാനോ ആരും പോകണ്ട''. ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് മലപ്പുറത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായ നൂറ് കണക്കിന് വോയിസ് മെസേജുകളില്‍ ഒന്നിന്റെ തുടക്കമാണിത്. സിഎഎയെ അനുകൂലിച്ച് എടക്കരയില്‍ ബിജെപി നടത്തിയ പൊതുയോഗ സമയത്ത് കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു എന്നതാണ് കുറ്റം.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളെ കടകളടച്ച് ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കിയാണ് ഇടതും ഇസ്ലാമിസ്റ്റുകളും നേരിടുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ മുതല്‍ സ്‌കൂളുകള്‍ വരെ അടഞ്ഞുകിടന്നു. ഓട്ടോ, ടാക്‌സികളും ബസ്സുകളും ഓട്ടം നിര്‍ത്തി. ജില്ലയില്‍ പലയിടങ്ങളിലും ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് വ്യാപാരി സംഘടകള്‍. ഗതാഗത മേഖലയെയും അവര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ബിജെപിയുടെ പരിപാടി പ്രഖ്യാപിച്ചാലുടന്‍ കടയുടമകള്‍ക്ക് വാട്‌സ് ആപ്പില്‍ സന്ദേശം ലഭിക്കും. അന്നേ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി കടകളടയ്ക്കണം. ഇത്തരം സന്ദേശങ്ങള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ട്. 2018ലെ വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടതിന്റെ നേരനുഭവമുള്ളതിനാല്‍ എതിര്‍പ്പുള്ളവരും നിശ്ശബ്ദരാണ്. അടഞ്ഞുകിടന്ന കടകളും വിജനമായ തെരുവുകളുമാണ് ബിജെപിയുടെ ജന ജാഗരണ്‍ സമ്മേളനങ്ങളെ സ്വീകരിക്കുന്നത്.  

ഇടത്-ജിഹാദി ഫത്വ അവഗണിച്ച് ചിലയിടങ്ങളില്‍ വിരലിലെണ്ണാവുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഇവരോടാണ് ഇപ്പോഴത്തെ പ്രതികാരം. ഈ കടകള്‍ ബഹിഷ്‌കരിക്കാനുള്ള ആക്രോശം നുരഞ്ഞുപൊങ്ങുകയാണ്. വാട്‌സ് ആപ്പില്‍ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് ഇത്തരം സന്ദേശങ്ങള്‍ പറക്കുകയാണ്. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറം ജില്ലയില്‍ മതതീവ്രവാദികളുടെ കൊലവിളികള്‍ക്ക് ആഴത്തിലുള്ള സ്വാധീനമുണ്ട്. എടക്കരയില്‍ ഒരു ഹോട്ടലിന്റെ വരുമാനത്തില്‍ എഴുപത് ശതമാനത്തോളം കുറവുണ്ടായി. ഈ ഹോട്ടല്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവിടെ മൂന്ന് കടകള്‍ക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. തിരൂരില്‍ ഒരു ജ്വല്ലറിക്കെതിരെ പ്രചാരണമുണ്ടായി. പരിപാടിക്ക് മൈക്ക് സെറ്റ് നല്‍കിയതിന് റസീന ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിനെതിരെയും മതവെറിയന്മാര്‍ രംഗത്തുവന്നു. ഉടമയായ ഷബീബിനെതിരെ മഹല്ല് കമ്മറ്റിക്ക് പരാതി ലഭിച്ചു. മഹല്ലിന്റെ പരിപാടികള്‍ക്ക് ഈ സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കരുതെന്നും മാതൃകാപരമായ നടപടിയെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസമ്പര്‍ക്കം ചെയ്തതാണ് മഞ്ചേരിയിലെ ഓഡിറ്റോറിയം ഉടമയെ വേട്ടയാടാന്‍ മതതീവ്രവാദികള്‍ കാരണമാക്കിയത്. ബുക്ക് ചെയ്ത മൂന്ന് വിവാഹങ്ങളാണ് ഇതിനകം ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.

(നാളെ: മതേതരത്വം പറയും, ജാതി പറഞ്ഞു വിലക്കും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.