വ്യാജ നമ്പര്‍ പ്ലേറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മണ്ണ് കടത്തല്‍; തുമ്പ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

Sunday 26 January 2020 11:20 am IST

കുളത്തൂര്‍: നിയമ വിരുദ്ധമായി മണ്ണ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. സിപിഎം കുളത്തൂര്‍ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിനെതിരെയാണ് കേസടുത്തത്. ഇയാള്‍ ലോറിയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് മണല്‍ കടത്തിക്കൊണ്ടിരുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാസില്ലാതെ എംസാന്‍ഡ് കടത്തിയ ടിപ്പര്‍ തുമ്പ സ്റ്റേഷനു മുന്നില്‍ വച്ച് പോലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനില്‍കുമാര്‍ അവ ഹാജരാക്കിയില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ തെരഞ്ഞപ്പോഴാണ് വ്യാജ നമ്പരാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

പ്രശാന്ത് നഗര്‍ സ്വദേശിയായ ഹരിശങ്കറിന്റെ ബുള്ളറ്റിന്റെ നമ്പര്‍ ആയിരുന്നു ടിപ്പറില്‍ ഉപയോഗിച്ചിരുന്നത്. സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന ടിപ്പര്‍ ലോറി അവിടെ നിന്ന് കടത്താനും ശ്രമമുണ്ടായതായി അനില്‍ കുമാറിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

എന്നാല്‍ വിഷയം പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലില്‍ ഒതുക്കി തീര്‍ക്കാന്‍ അനില്‍ കുമാര്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്‌റ്റേഷന് മുമ്പില്‍ വെച്ച് പിടികൂടിയിട്ടും ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസടുക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.