വീണ്ടും വിയന്ന കരാര്‍ ലംഘനം നടത്തി പാക്കിസ്ഥാന്‍; കുല്‍ഭൂഷന്‍ ജാദവിന്റെ കോണ്‍സുലര്‍ പ്രവേശനം തടഞ്ഞു, അന്താരാഷ്ട്ര കോടതി വിധിപ്രകാരമുള്ള നയതന്ത്ര സഹായം നല്‍കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറി

Thursday 12 September 2019 3:07 pm IST

ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് രണ്ടാമത് നയതന്ത്രസഹായം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍. കുല്‍ഭൂഷന്‍ ജാദവിന്റെ കോണ്‍സുലര്‍ പ്രവേശനവും പാക്കിസ്ഥാന്‍ വ്യാഴാഴ്ച തടഞ്ഞു. തുടര്‍ന്ന് പിന്നീടുള്ള നയന്ത്ര സഹായങ്ങള്‍ ലഭ്യമാകുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറിയിട്ടുണ്ട്. 

പാക്കിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് പ്രസ്താവന പുറത്തുവിട്ടത്. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ പ്രവേശനമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. വിയന്ന കണ്‍വെന്‍ഷനും ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഐസിജെ) വിധിന്യായവും അനുസരിച്ച് കുല്‍ഭൂഷണ്‍ ജാദവിന് ഈ മാസം രണ്ടിന് പാക്കിസ്ഥാന്‍ ആദ്യ കോണ്‍സുലര്‍ പ്രവേശനം നല്‍കിയിരുന്നു. കോണ്‍സുലര്‍ പ്രവേശനത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അത്.

ജാദവിന്റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നല്‍കണമെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയുടെ വിധി. എന്നാല്‍ ഒരു തവണ കോണ്‍സുലാര്‍ സഹായം നല്‍കിയതോടെ അന്താരാഷ്ട്ര കോടതിയുടെ വിധി പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ കോണ്‍സുലാര്‍ സഹായം നല്‍കാന്‍ രാജ്യത്തിന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ കൂടിക്കാഴ്ച നടന്ന മുറിയില്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കൂടാതെ കൂടിക്കാഴ്ച്ച റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. കേസിന്റൈ സുതാര്യത ഉറപ്പുവരുത്താനാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് ഇസ്ലാമബാദ് വൃത്തങ്ങള്‍ ഇതിന് മറുപടി നല്‍കിയത്. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്ഥാന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ കള്ളക്കഥ തത്തയെപ്പോലെ ഏറ്റുപറയാന്‍ കടുത്ത സമ്മര്‍ദ്ദമാണ് കുല്‍ഭൂഷണ് മേല്‍ ചുമത്തുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ച് മൂന്നിന് വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തിയപ്പോഴാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈന്യം അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇറാനില്‍ നിന്നും രാജ്യത്തേയ്ക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയതതെന്നാണ് പാക്കിസ്ഥാന്‍ വിശദീകരണം നല്‍കുന്നത്. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുല്‍ഭൂഷണ് നയതന്ത്രസഹായം പാക്കിസ്ഥാന്‍ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.