ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യയുടെ ശബ്ദമായത് ഹരീഷ് സാല്‍വെ; കുല്‍ഭൂഷണ്‍ ജാദവിനായി വാദിച്ചത് ഒരു രൂപ പ്രതിഫലംപറ്റി; 'സൂപ്പര്‍മാന്‍' വക്കീലിനെ അഭിനന്ദിച്ച് രാജ്യം

Wednesday 17 July 2019 9:45 pm IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വക്കീലന്മാരിലൊരാളായ ഹരീഷ് സാല്‍വെ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങി. മുന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ട്വിറ്ററില്‍ ഈ വിവരം കുറിച്ചത്.

നെതര്‍ലന്‍ഡിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്ഥാന്റെ പ്രമുഖ അഭിഭാഷകനായിരുന്ന ഖാവര്‍ ഖുറേഷിയായിരുന്നു ജാദവ് കേസില്‍ സാല്‍വേയുടെ എതിരാളി. ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ എല്‍എല്‍എം ബിരുദധാരിയാണ് ഖുറേഷി. എന്നാല്‍ ഖുറേഷിയോളം വലിയ ബിരുദമില്ലെങ്കിലും ഇന്ത്യയില്‍ നിയമ, നികുതി, വാണിജ്യ നിയമങ്ങളില്‍ സാല്‍വേയോളം പ്രഗല്‍ഭനായ മറ്റൊരു അഭിഭാഷകനുണ്ടോയെന്ന കാര്യം സംശയമാണ്.

1956ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഹരീഷ് സാല്‍വേ ജനിച്ചത്. അച്ഛന്‍ എന്‍.കെ.പി സാല്‍വേയുടെ പാത പിന്തുടര്‍ന്ന് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടാകണമെന്നായിരുന്നു സാല്‍വെയുടേയും ആഗ്രഹം. ഇതിനായി 1970കളില്‍ മുംബൈയില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് 1980ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. അഡ്വ.പാല്‍ഖിവാലയുടെ ജൂനിയറായാണ് സാല്‍വേ പ്രാക്ടീസ് ആരംഭിച്ചത്. 1999-2002 കാലഘട്ടത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുകേഷ് അംബാനി, ഐടിസി ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പ്, ജയലളിത എന്നിവര്‍ക്ക് വേണ്ടിയെല്ലാം മുന്‍പ് അദ്ദേഹം കേസുകള്‍ വാദിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.