കുല്‍ഭൂഷണ്‍ ജാദവ് 'രാജ്യത്തിന്റെ മകന്‍'; ഇനി ലക്ഷ്യം മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരല്‍

Wednesday 17 July 2019 9:04 pm IST

ന്യൂദല്‍ഹി: 'രാജ്യത്തിന്റെ മകന്‍' എന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിശേഷിപ്പിച്ചിരുന്നത്. ചാരവൃത്തി ആരോപിച്ച് മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരെ അഴിക്കുള്ളിലാക്കുമ്പോള്‍ പത്തിമടക്കിയിരുന്ന പഴയ ഇന്ത്യയില്‍നിന്നും ഏറെ വ്യത്യസ്തമായാണ് മോദി സര്‍ക്കാര്‍ വിഷയത്തെ സമീപിച്ചത്. അന്താരാഷ്ട്ര വേദികളിലെല്ലാം ജാദവിന്റെ ജീവന് വേണ്ടി സുഷമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പോരാട്ടം നടത്തി. പാക്കിസ്ഥാന്റെ മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധവും ചര്‍ച്ചയാക്കാനും മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനും ഇതിലൂടെ ഇന്ത്യക്ക് സാധിച്ചു. 

വധശിക്ഷ പുനഃപരിശോധിക്കാനുള്ള രാജ്യാന്തര കോടതിയുടെ വിധി ഇന്ത്യയുടെ നയതന്ത്ര വിജയമായി ചരിത്രത്തില്‍ ഇടംനേടുന്നതാണ്. ജാദവിനെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ളത്. മാതൃരാജ്യത്തേക്ക് അദ്ദേഹം മടങ്ങിയെത്തുന്നത് വരെ വിശ്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ നിരവധി തവണ സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു.

ബലാകോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്കിസ്ഥാന്റെ പിടിയിലായപ്പോള്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശക്തമായ പോരാട്ടം രാജ്യത്തിന് മുന്നിലുണ്ട്. യുദ്ധത്തിന്റെ വക്കിലെത്തിയിട്ടും വിട്ടുവീഴ്ച ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചുനിന്നു. അന്താരാഷ്ട്ര തലത്തിലെ ശക്തമായ സമ്മര്‍ദം കൂടിയായപ്പോള്‍ പാക്കിസ്ഥാന് അഭിനന്ദനെ വിട്ടയക്കേണ്ടിയും വന്നു. 

ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് രാജ്യാന്തര കോടതിയുടെ വിധി.  ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മോദി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും വിലപേശാനും ജാദവ് വിഷയം ഉപയോഗിക്കാമെന്ന പാക്കിസ്ഥാന്റെ കണക്കുകൂട്ടലാണ് പിഴച്ചത്. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ അയല്‍രാജ്യം ഇനി നിര്‍ബന്ധിതരാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ടുപോകുമെന്നതിലും വിഷയം നിര്‍ണായകമാകും. ബലാക്കോട്ടിലെ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ പ്രതിരോധത്തിലുമാണ്. ലോക രാജ്യങ്ങളില്‍ ചൈന പോലും അവര്‍ക്ക് അനുകൂലമായ നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ശക്തനായ നേതാവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയെ പിണക്കാന്‍ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നത് പാക്കിസ്ഥാനാണ്. 

ജാദവിനെ വധശിക്ഷക്ക് വിധിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്തു. വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെയാണ് ചുമലപ്പെടുത്തിയത്. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദത്തിനൊടുവില്‍ ജാദവിനെ കാണാന്‍ അമ്മക്കും ഭാര്യക്കും പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവരെ അവഹേളിച്ചതും ഇന്ത്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നു. അന്താരാഷ്ട്ര തലത്തില്‍ ജാദവിന് വേണ്ടി മോദി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകുമെന്നതും ഉറപ്പാണ്. 

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യയെ പിന്തുണച്ചിരിക്കുകയാണ്. കോടതിയിലെ പതിനഞ്ച് അംഗങ്ങളില്‍ പാക് അംഗം മാത്രമാണ് പാക് വാദങ്ങളെ തുണച്ചത്. ചൈനയടക്കം എതിര്‍ത്തുവെന്നതും ശ്രദ്ധേയമാണ്. കോടതിയിലെ ഇന്ത്യന്‍ അംഗമാണ് ദല്‍വീര്‍ ഭണ്ഡാരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.