'നിങ്ങള്‍ മോദിക്കല്ലേ വോട്ട് ചെയ്തത്, പിന്നെ ഞാനെന്തിന് നിങ്ങളുടെ പരാതി കേള്‍ക്കണം', പ്രധാനമന്ത്രിയെ പോയി കാണാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

Wednesday 26 June 2019 3:43 pm IST

ബെംഗളൂരു : ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയവരോട് കയര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.

ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായ്ചൂരില്‍ എത്തിയപ്പോഴാണ് കുമാരസ്വാമി ഇത്തരത്തില്‍ ജനങ്ങളോട് രൂക്ഷമായി പെരുമാറിയത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതോടെ പ്രദേശവാസികള്‍ പൊതു ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ 'നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം.  പ്രധാനമന്ത്രിയെ പോയി കാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാര്‍ജിന് ഉത്തരവിടണോ?' പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ആക്രോശിച്ചു. 

സംസ്ഥാന മന്ത്രിയായ വെങ്കട്‌റാവു, നഡ്ഗൗഡ അടക്കം നിരവധി നേതാക്കള്‍ ഈ സമയം കുമാരസ്വാമിക്ക് ഒപ്പം ഉണ്ടായിരുന്നു. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി അടുത്തിടെ ഒരു ഗ്രാമത്തില്‍ കുമാര സ്വാമി എത്തിയപ്പോള്‍ തറയില്‍ കിടന്നുറങ്ങുന്നു എന്ന വിധത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തെ പാര്‍ട്ടിയുടെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ എല്ലാം ഈ കാപട്യം കുമാരസ്വാമിയില്‍ നിന്നു തന്നെ മറനീക്കി പുറത്തുവരികയാണ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.