അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു; കൊമേഡിയന്‍ കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ആറ് മാസം വിലക്ക് ഏര്‍പ്പെടുത്തി

Wednesday 29 January 2020 11:22 am IST

ന്യൂദല്‍ഹി :  വിമാന യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് പരസ്യമായി ചോദ്യങ്ങള്‍ ചോദിച്ചതില്‍ ഹാസ്യകലാകാരന്‍ കുനാല്‍ കംറയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അര്‍ണബിനോട് കുനാല്‍ ചോദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ അപഹാസ്യപ്പെടുത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കുനാലിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 

ആദ്യം ഇന്‍ഡിഗോയാണ് കുനാലിന് വിലക്കേര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയും ആറുമാസത്തേക്ക് തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് കുനാലിനെ വിലക്കുന്നതായി അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് ഇരു വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച മുംബൈയില്‍ നിന്നും ലഖ്നൗ യാത്രയ്ക്കിടെയാണ് അര്‍ണബിനെ സഹയാത്രികനായ ഇയാള്‍ ചോദ്യംചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നാവശ്യപ്പെട്ടാണ് കുനാല്‍ സമീപിച്ചത്. ദൃശ്യങ്ങള്‍ കുനാല്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലുടെ പരിഹസിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. 

ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കുനാല്‍ ഇതില്‍ അറിയിച്ചു. അര്‍ണബ് താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ, അതോ ഭീരുവാണോ എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കുനാല്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അര്‍ണബ് അത് ഗൗനിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ അര്‍ണബിനെ ഭീരുവെന്നും വിളിക്കുന്നുണ്ട്. 

അതേസമയം താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും കുനാല്‍ അറിയിച്ചു. തന്റെ പ്രവര്‍ത്തിയില്‍ വിമാനത്തിലെ ഒരു യാത്രക്കാരനോടൊഴികെ മറ്റു സഹയാത്രികര്‍ക്ക് അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും കുനാല്‍ അറിയിച്ചു. 

വിമാനത്തിനുള്ളില്‍ വെച്ച് ഇത്തരത്തില്‍ പ്രകാപനപരമായ പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. മറ്റ് വിമാനക്കമ്പനികളും സമാന നടപടി തന്നെ കൈക്കൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.